ലെയോ പതിനാലാമൻ മാർപാപ്പ പ്രിയോർ ജനറലായി രണ്ടുവട്ടം ഇന്ത്യയിൽ
Saturday, May 10, 2025 2:54 AM IST
സിജോ പൈനാടത്ത്
കൊച്ചി: “ഇവിടുത്തെ പുഴകളും പച്ചപ്പും എത്ര മനോഹരമാണ്.... നിങ്ങളുടെ ആഴത്തിലുള്ള വിശ്വാസതീക്ഷ്ണതയും അഭിമാനകരം...’’ -ആഗോളസഭയുടെ അമരക്കാരനായി നിയുക്തനായ ലെയോ പതിനാലാമൻ മാർപാപ്പ (കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്) രണ്ടു പതിറ്റാണ്ടുമുന്പ് കേരളമണ്ണിലെത്തി പങ്കുവച്ച വാക്കുകൾ.
അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ ആലുവ കന്പനിപ്പടിയിലെ റീജണൽ ഹൗസിൽ സന്ദർശനത്തിനെത്തിയപ്പോഴാണു മലയാളികളായ സഹവൈദികരോട് ഇങ്ങനെ പറഞ്ഞത്.
അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ പ്രിയോർ ജനറലായിരിക്കെ രണ്ടു പ്രാവശ്യം ലെയോ പതിനാലാമൻ മാർപാപ്പ കേരളത്തിലെത്തിയിരുന്നു. 2004ലും 2006ലുമായിരുന്നു സന്ദർശനങ്ങൾ. രണ്ടാം സന്ദർശനത്തിൽ തമിഴ്നാട് പൊള്ളാച്ചിയിലെ ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി.
2004 ഏപ്രിൽ 19 മുതൽ 24 വരെയായിരുന്നു ഫാ. റോബർട്ട് ഫ്രാൻസിസിന്റെ ആദ്യത്തെ ഭാരത സന്ദർശനം. ഇറ്റലി ആസ്ഥാനമായ അഗസ്റ്റീനിയൻ സഭയുടെ ആലുവ കന്പനിപ്പടിയിലുള്ള ആശ്രമത്തിലും സ്റ്റഡി ഹൗസിലും മരിയാപുരം പള്ളിയിലും അദ്ദേഹം അന്നു സന്ദർശിച്ചു. താമസവും ഇവിടെയായിരുന്നു.
സഭയുടെ ഇടക്കൊച്ചിയിലുള്ള സെന്റ് അഗസ്റ്റിൻസ് മൈനർ സെമിനാരിയും അദ്ദേഹം അന്നു സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിലാണ് മലയാളികളായ ആറ് അഗസ്റ്റീനിയൻ നവവൈദികരുടെ പൗരോഹിത്യസ്വീകരണ ശുശ്രൂഷകളിൽ ഫാ. റോബർട്ട് ഫ്രാൻസിസ് പങ്കെടുത്തത്. എറണാകുളം കലൂരിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അന്നത്തെ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഡാനിയേൽ അച്ചാരുപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കിടയിൽ ഫാ. റോബർട്ട് ആശംസാസന്ദേശം നൽകി.
ഫാ. ജോൺ ബോസ്കോ കൂട്ടുതറ, ഫാ റോബർട്ട് റോയ്, ഫാ. അലോഷ്യസ് കൊച്ചിക്കാരൻ, ഫാ. ഷാജു വർഗീസ്, ഫാ. ഡിബി കാട്ടത്തറ, ഫാ. അഗസ്റ്റിൻ തോമസ് പുത്തൻവീട്ടിൽ എന്നിവരാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യത്തിൽ 2004ൽ പൗരോഹിത്യം സ്വീകരിച്ചത്.
മാർപാപ്പയായി ഉയർത്തപ്പെട്ട തങ്ങളുടെ മുൻ പ്രിയോർ ജനറാൾ അന്നു ശിരസിൽ കൈവച്ചു പ്രാർഥിച്ചതും സ്നേഹം പങ്കുവച്ചതുമെല്ലാം അഭിമാനകരമായ നിമിഷങ്ങളാണെന്ന് ഫാ. ജോൺ ബോസ്കോ പറഞ്ഞു.
2006 ഒക്ടോബർ അഞ്ചുമുതൽ ഒരാഴ്ചക്കാലം ഫാ. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ഇന്ത്യയിലുണ്ടായിരുന്നു. ആലുവയിലെയും ഇടക്കൊച്ചിയിലെയും അഗസ്റ്റീനിയൻ ഹൗസുകൾക്കു പുറമെ, കോഴിക്കോട് പാലക്കുഴയിലെ സെന്റ് തോമസ് ആശ്രമം, പള്ളി, പൊള്ളാച്ചിയിൽ സഭയുടെ കീഴിലുള്ള ചെന്പകം മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലും അദ്ദേഹം എത്തിയിരുന്നു.