യുവാവ് മരിച്ചത് ലോറിയിടിച്ച്; ടിപ്പർ ലോറി ഡ്രൈവർ അറസ്റ്റിൽ
Tuesday, May 13, 2025 6:23 PM IST
പയ്യന്നൂർ: മാട്ടൂൽ മടക്കരയിൽ ബസ് സ്റ്റോപ്പിനു സമീപം കല്ലേൻ മണിയെന്ന യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നിൽ വാഹനാപകടമാണെന്ന് തെളിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മാട്ടൂൽ സൗത്തിലെ മുഹമ്മദ് റാഷിദിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിനിടയാക്കിയ ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് മടക്കര ഡാമിനു സമീപത്തെ മണിയെ മടക്കര ബസ് സ്റ്റോപ്പിനു സമീപത്തെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവരികയും മണിയുടെ സഹോദരൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം തെളിഞ്ഞത്. കണ്ണപുരം സിഐ ബാബുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.