"നീ ഒരിക്കൽ മാർപാപ്പയാകും'
Saturday, May 10, 2025 2:54 AM IST
കുട്ടിയായിരിക്കുന്പോൾത്തന്നെ വൈദികനാകാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഗ്രഹിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ ജോൺ. “അമ്മ തുണികൾ തേക്കുന്ന മേശപ്പുറത്ത് കുർബാന ചൊല്ലുകയായിരുന്നു കൊച്ചുറോബർട്ടിന്റെ വിനോദം.
മറ്റു സഹോദരങ്ങളെല്ലാം പങ്കെടുക്കണമെന്ന് റോബർട്ടിനു നിർബന്ധമായിരുന്നു. ലത്തീനും ഇംഗ്ലീഷും വശമായിരുന്നു താനും’’-മാർപാപ്പയുടെ ബാല്യകാലത്തെപ്പറ്റി അമേരിക്കൻ ചാനലായ സിബിഎസിനോടു പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ മക്കളുടെ കൂട്ടത്തിലെ വിശുദ്ധനായിരുന്നു റോബർട്ട്. “നീ ഒരിക്കൽ മാർപാപ്പയാകുമെന്ന് ഞങ്ങൾ അന്നു കളിയാക്കുമായിരുന്നു’’- ജോൺ പറഞ്ഞു. കോൺക്ലേവിനുമുന്പ് സഹോദരനുമായി ഫോൺ ചെയ്തപ്പോൾ ജോൺ ചോദിച്ചു, തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ എന്തു ചെയ്യുമെന്ന്. അതു ദൈവതിരുമനസാണെന്നു കരുതി സ്വീകരിക്കുമെന്ന് കർദിനാൾ റോബർട്ട് പറഞ്ഞതായി ജോൺ അനുസ്മരിച്ചു.
പ്രെവോസ്റ്റ് കുടുംബത്തിന്റെ അയൽക്കാരിയായ ഒരു സ്ത്രീ, റോബർട്ട് ഒന്നാം ക്ലാസിൽ പഠിക്കുന്പോൾത്തന്നെ അദ്ദേഹം അമേരിക്കയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പയാകുമെന്നു പറഞ്ഞ കാര്യവും ജോൺ ഓർത്തെടുത്തു.
അമേരിക്കയിലെ ഏറ്റവും പ്രധാന സന്യാസസമൂഹങ്ങളിൽ ഒന്നായ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിൽ രണ്ടായിരത്തോളം വൈദികരും എഴുനൂറോളം വൈദികവിദ്യാർഥികളുമുണ്ട്. 50 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സ്പെയിൻകാരനായ ഫാ. അലക്സാണ്ടർ മൊറാൽ ആന്റൺ ആണ്.
ഇറ്റലിയിലെ ടസ്കണി പ്രദേശത്ത് 1244ലാണ് ഈ സന്യാസസമൂഹത്തിന്റെ ആരംഭം. വിശുദ്ധ അഗസ്റ്റിൻ (354-430) രചിച്ച സന്യാസ നിയമസംഹിതയാണ് ഇവർ അനുഗമിക്കുന്നത്. അഗസ്റ്റിന്റെ കാലംമുതൽ ഈ നിയമസംഹിത അനുസരിച്ചു ജീവിച്ച ചെറിയ സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവർ കൂടിച്ചേർന്നാണ് 1244ൽ ‘ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ’ (ഒഎസ്എ) സ്ഥാപിച്ചത്.