കെഎസ്ആർടിസിയിലെ ഹിതപരിശോധന അനിശ്ചിതമായി നീളുന്നു
Thursday, May 15, 2025 1:19 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഹിതപരിശോധന പരാതികളിലും കോടതി നടപടികളിലും കുടുങ്ങി അനിശ്ചിതമായി നീണ്ടുപോകുന്നു. ഇപ്പോൾ മൂന്നാമത്തെ ഹർജിയെ തുടർന്ന് ഹിതപരിശോധനാ നടപടികൾ നിർത്തിവയ്ക്കാനും അടുത്ത മാസം ആറിന് വാദം കേൾക്കാമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഒന്നേകാൽ വർഷം വൈകിയാണ് അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാൻ ഹിതപരിശോധന നടത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്. അഡീഷണൽ ലേബർ കമ്മീഷണർ കെ. എം. സുനിലിനെ വരണാധികാരിയായി നിശ്ചയിക്കുകയും ചെയ്തു.
ഏപ്രിൽ 30 ് ഹിതപരിശോധന നടത്താനും മൂന്നിന് വോട്ട് എണ്ണാനും തീരുമാനിച്ച് നടപടി ക്രമങ്ങൾ ആരംഭിച്ചു. 22,206 സ്ഥിരം ജീവനക്കാരുടെ വോട്ടർ പട്ടികയാണ് മാനേജ്മെന്റ് വരണാധികാരിക്ക് നല്കിയത്. 12 സംഘടനകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
120 ദിവസത്തിലധികം ജോലി ചെയ്തിട്ടുള്ള ബദലി, കരാർ ജീവനക്കാർക്കും വോട്ടവകാശം വേണമെന്ന ആവശ്യം ഉയരുകയും 866 പരാതികൾ വരണാധികാരിക്ക് ലഭിക്കുകയും ചെയ്തു. ഈ വിഷയത്തിൽ മാനേജ്മെന്റ് വ്യക്തമായ തീരുമാനം എടുക്കും മുമ്പേ കേസ് കോടതിയിലുമെത്തി. സിംഗിൾ ബഞ്ചിലും പിന്നീട് അപ്പീൽ ഡിവിഷൻ ബഞ്ചിലുമെത്തി.
ഡിവിഷൻ ബഞ്ചിന്റെ വിധിയെ തുടർന്ന് ബദലി, കരാർജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുമ്പോഴാണ് പുതിയ ഹർജി കോടതിയിൽ എത്തിയത്. കഴിഞ്ഞ തവണത്തെ അംഗീകൃത സംഘടനയായ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ് ) ആണ് ഇപ്പോൾ കോടതിയിൽ ഹർജി നല്കിയിരിക്കുന്നത്.