കംബോഡിയയിലെ ജോലി തട്ടിപ്പിൽ കുടുങ്ങിയത് നിരവധി മലയാളികൾ
Thursday, May 15, 2025 1:09 AM IST
കാസർഗോഡ്: സമൂഹമാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ കുടുങ്ങി കംബോഡിയയിലും മ്യാൻമാറിലുമെത്തിയത് നിരവധി മലയാളികൾ.
കാസർഗോഡ് ജില്ലയിൽ നിന്നു കാണാതായ മൂന്നു പേർക്കായി നടത്തിയ അന്വേഷണത്തിലാണ് ഇവർ ചെന്നുപെട്ട സൈബർ തട്ടിപ്പ് സംഘത്തിന്റെ വ്യാപ്തിയും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്.
കോൾ സെന്ററിൽ ജോലി അവസരം വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയിലെയും മ്യാൻമറിലെയും തട്ടിപ്പു കേന്ദ്രങ്ങളിലേക്കെത്തിച്ചത്. ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട് മടങ്ങിയവരാണു പോലീസിനു വിവരങ്ങൾ കൈമാറിയത്.
കോൾ സെന്റർ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓൺലൈൻ പരസ്യംകണ്ടാണ് മഞ്ചേശ്വരം സ്വദേശിയായ യുവാവ് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടത്. വിജയ് എന്ന് പരിചയപ്പെടുത്തിയ തെലുങ്ക് സംസാരിക്കുന്ന ആളാണ് ആദ്യം സംസാരിച്ചത്. കേരളത്തിൽനിന്നുള്ള ആളാണെന്ന് പറഞ്ഞപ്പോൾ മലപ്പുറം സ്വദേശിയെന്നു പറയുന്ന അജ്മൽ എന്ന ആളിനെ പരിചയപ്പെടുത്തി.
താൻ കംബോഡിയയിലെ ഒരു കസ്റ്റമർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 800 യുഎസ് ഡോളർ ലഭിക്കുമെന്നും ഭക്ഷണവും താമസവും സൗജന്യമാണെന്നും അയാൾ പറഞ്ഞു. ആധാർ കാർഡും പാസ്പോർട്ട് വിശദാംശങ്ങളും അയച്ച് 10 ദിവസത്തിന് ശേഷം മഞ്ചേശ്വരം സ്വദേശിക്ക് വാട്ട്സ്ആപ്പ് വഴി തന്നെ വിസ ലഭിച്ചു.
കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി മഞ്ചേശ്വരം സ്വദേശിയെ ഇംഗ്ലീഷിൽ ഇന്റർവ്യൂ ചെയ്തു. എന്ത് ജോലി ചെയ്യാനാണ് വന്നതെന്ന് അവർ ചോദിച്ചപ്പോൾ, കസ്റ്റമർ സർവീസ് ജോലിക്കാണെന്ന് ഇയാൾ പറഞ്ഞു.
കസ്റ്റമർ സർവീസ് സെന്റർ ജോലിയല്ല സ്കാം ജോലിയാണെന്ന് അവർ പറഞ്ഞു. തട്ടിപ്പുകളാണു ചെയ്യേണ്ടതെന്നു മനസിലായതോടെ തിരിച്ചുപോകണമെന്ന് പറഞ്ഞപ്പോൾ 1500 ഡോളർ എക്സിറ്റ് ഫീസ് അടക്കാതെ പോകാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. വേറെയും മലയാളികൾ അവിടെയുണ്ടായിരുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളെ വഞ്ചനാപരമായ നിക്ഷേപപദ്ധതികളിലേക്ക് ആകർഷിക്കുന്നതിനുള്ള പരിശീലനമാണ് ആദ്യം ഇവർക്ക് നല്കിയത്.
പിന്നീട് ഇരകളെ ഒരു വ്യാജ ട്രേഡിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് അതിലൂടെ അവരുടെ പണം തട്ടിയെടുക്കുന്നതിനുള്ള ജോലി നല്. തട്ടിപ്പ് നടത്തുന്നതിന് ഓരോ രാജ്യക്കാർക്കും ഓരോ സെക്ഷൻ ഉണ്ടായിരുന്നു. അതത് രാജ്യക്കാരുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്നതിന് അവരുടെ രാജ്യത്തുനിന്നുള്ള ആളുകളെയാണ് നിയോഗിച്ചിരുന്നത്.
മുന്നറിയിപ്പുമായി പോലീസ്
അംഗീകൃത ഏജൻസികൾ മുഖേനയല്ലാതെ വിദേശ രാജ്യങ്ങളിലേക്ക് വീസയ്ക്കായി ശ്രമിക്കുന്നവരാണ് ഇത്തരം കെണികളിൽ അകപ്പെടുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.