വിഴിഞ്ഞം സംസ്ഥാന സർക്കാരിന്റെ തുറമുഖം: പിണറായി വിജയൻ
Thursday, May 15, 2025 1:19 AM IST
തൃശൂർ: വിഴിഞ്ഞം തുറമുഖം കേരള സർക്കാരിന്റേതാണെന്നും അതിൽ അദാനി മുടക്കിയതിന്റെ ഇരട്ടിയിലേറെ സർക്കാർ മുടക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അദാനിയുടെ തുറമുഖം എന്നു ചിലർ വിളിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. പദ്ധതിയിൽ കേന്ദ്രത്തിന്റെ ഫണ്ട് ഗ്രാന്റായി നല്കേണ്ടതാണ്. പക്ഷേ കടമായാണു നല്കിയത്. ഈ വിഹിതം ചെറുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ എൽഡിഎഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തിനായി ആകെ ചെലവഴിച്ചത് 8,867 കോടിയാണ്. 5,595 കോടി കേരളമാണ് ചെലവിട്ടത്. അദാനിയാകട്ടെ 2454 കോടി മാത്രമാണ്. ഇതു കേരളത്തിലേതുമാത്രമല്ല, രാജ്യത്തെത്തന്നെ വലിയ തുറമുഖങ്ങളിൽ ഒന്നാണ്.
കേരളത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനൊപ്പംനിന്നു. എക്കാലത്തും നുണപ്രചാരണം നടത്തുകയാണ് വികസനവിരോധികൾ.
സംസ്ഥാനം കടക്കെണിയിലാണെന്നു പ്രചരിപ്പിക്കുന്നു. എന്നാൽ, കോവിഡിനുശേഷം കേരളം ഒരുപാടു മുന്നോട്ടുപോയി- മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, റവന്യു മന്ത്രി കെ. രാജൻ എന്നിവർ പ്രസംഗിച്ചു.