വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച സംഭവം ; പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ്
Tuesday, May 13, 2025 7:16 PM IST
കൊച്ചി: യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്തേക്കു ഫോണ്‍ വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോഴിക്കോട് വെള്ളയില്‍ സ്വദേശി മുജീബ് റഹ്മാനെ (32) കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
ഇതിനായി ഹാര്‍ബര്‍ പോലീസ് വൈകാതെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട്, ഇയാള്‍ക്കുപിന്നില്‍ മാറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പ്രതിയുടെ ക്രിമിനല്പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിക്കും.
മാനസികാസ്വാസ്ഥ്യമുള്ള ആളുകളെപ്പോലെയാണു പ്രതിയുടെ നിലവിലെ പെരുമാറ്റം. ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ മനോവിഭ്രാന്തിയാകാമെന്നാണു കരുതുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് സംശയങ്ങളുള്ളതായും ഇയാളുടെ മൊബൈല്‍ ഫോണും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. നാവിക ആസ്ഥാനത്തേക്കു ഫോണ്‍ വിളിച്ചത് തന്റെ മൊബൈലില്നിന്നുതന്നെയാണെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതിന് രാത്രി 9.11 നാണ് കൊച്ചി നാവികസേനാ ആസ്ഥാനത്തെ ലാന്‍ഡ് ഫോണിലേക്ക് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ചു ഫോണ്‍ വിളിയെത്തിയത്. രാഘവന് എന്നു പരിചയപ്പെടുത്തിയയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്നും പറഞ്ഞിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍വിളിയില്‍ സംശയം തോന്നിയ നേവി അധികൃതര്‍ ഹാര്‍ബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 11ന് കോഴിക്കോട്ടുനിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.