പാക് ഹാക്കർമാർ ഇന്ത്യൻ വെബ്സൈറ്റുകളിൽ നടത്തിയത് 15 ലക്ഷം സൈബർ ആക്രമണങ്ങൾ ; വിജയിച്ചത് 150 എണ്ണം മാത്രം
Tuesday, May 13, 2025 6:23 PM IST
കൊല്ലം: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിലുടനീളമുള്ള നിർണായക ഇൻഫ്രാസ്ട്രക്ചർ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് നടന്നത് 15 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിച്ച ഏഴ് അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ട് (എപിടി) ഗ്രൂപ്പുകളെ മഹാരാഷ്ട്ര സൈബർ ഏജൻസി തിരിച്ചറിഞ്ഞു. ഇതിൽ 150 ആക്രമണങ്ങൾ മാത്രമേ വിജയിച്ചുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും സൈനിക സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തിയതിനുശേഷവും ഇന്ത്യൻ സർക്കാർ വെബ്സൈറ്റുകൾക്ക് അയൽരാജ്യത്തുനിന്നും ബംഗ്ലാദേശിൽനിന്നും മിഡിൽ ഈസ്റ്റ് മേഖലയിൽനിന്നും സൈബർ ആക്രമണങ്ങളുടെ പ്രവാഹം നേരിടുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ ധാരണയ്ക്കുശേഷം സർക്കാർ വെബ്സൈറ്റുകൾക്ക് നേരേയുള്ള സൈബർ ആക്രമണങ്ങൾ കുറഞ്ഞുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി, പക്ഷേ പൂർണമായും അവസാനിച്ചിട്ടില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മൊറോക്കോ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഈ ആക്രമണങ്ങൾ തുടരുന്നു.
ഭീകരർക്കെതിരേ ഇന്ത്യൻ സായുധ സേന ആരംഭിച്ച സൈനിക നടപടിയുടെ ഭാഗമായി തയാറാക്കിയ ‘റോഡ് ഓഫ് സിന്ദൂർ’ എന്ന റിപ്പോർട്ടിൽ, പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ഹാക്കിംഗ് ഗ്രൂപ്പുകൾ ആരംഭിച്ച സൈബർ യുദ്ധത്തെക്കുറിച്ച് മഹാരാഷ്ട്രയുടെ നോഡൽ സൈബർ ഏജൻസി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പോലീസ് ഡയറക്ടർ ജനറൽ, സംസ്ഥാന ഇന്റലിജൻസ് വകുപ്പ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന നിയമ നിർവഹണ ഏജൻസികൾക്കും ഇതു സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മിഡിൽ ഈസ്റ്റ്, ഒരു ഇന്തോനേഷ്യൻ ഗ്രൂപ്പ് എന്നിവിടങ്ങളിൽനിന്നാണ് ഈ സൈബർ ആക്രമണങ്ങൾ ഉണ്ടായതെന്ന് മഹാരാഷ്ട്ര സൈബർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് യശസ്വി യാദവ് പറഞ്ഞു. മാൽവെയർ കാമ്പെയ്നുകൾ, ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ-ഓഫ്-സർവീസ് (ഡിഡിഒഎസ്) ആക്രമണങ്ങൾ, ജിപിഎസ് സ്പൂഫിംഗ് എന്നിവ ഇവർ ഉപയോഗിച്ച രീതികളിൽ ഉൾപ്പെടുന്നു.
ഇത്തരം നിരവധി ആക്രമണങ്ങൾ പരാജയപ്പെടുത്താനും ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയ മഹാരാഷ്ട്ര സൈബറിന്റെ മുൻ റിപ്പോർട്ടായ ‘എക്കോസ് ഓഫ് പഹൽഗാം’ എന്നതിന്റെ തുടർച്ചയായാണ് ‘റോഡ് ഓഫ് സിന്ദൂർ’.
ഈ റിപ്പോർട്ടിൽ തിരിച്ചറിഞ്ഞ ഏഴ് ഹാക്കിംഗ് ഗ്രൂപ്പുകൾ ഇവയാണ്: എപിടി 36 (പാക്കിസ്ഥാൻ ആസ്ഥാനമായുള്ളത്), പാക്കിസ്ഥാൻ സൈബർ ഫോഴ്സ്, ടീം ഇൻസെയ്ൻ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇൻഡോ ഹാക്സ് സെക്, സൈബർ ഗ്രൂപ്പ് ഹോക്സ് 1337, നാഷണൽ സൈബർ ക്രൂ (പാക്കിസ്ഥാൻ സഖ്യകക്ഷി). ഈ ഗ്രൂപ്പുകൾ ചേർന്ന് ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 15 ലക്ഷം സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.