അഴിമതി ആരോപണം: ഉദ്യോഗസ്ഥനെതിരേ എഡിജിപി കോടതിയിൽ
Thursday, May 15, 2025 1:19 AM IST
തലശേരി: തനിക്കെതിരേ ഗുരുതരമായ അഴിമതിയാരോപണം ഉന്നയിച്ച സംഭവത്തിൽ സസ്പെൻഷനിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരേ എഡിജിപി എസ്. ശ്രീജിത്ത് നിയമ നടപടി ആരംഭിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഉദ്യോഗസ്ഥനെതിരേയും പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരേയും നടപടി ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ശ്രീജിത്ത് ഹർജി നൽകിയത്.
കേസിൽ സർക്കാർ അഭിഭാഷകനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയതായി എഡിജിപി ദീപികയോട് പറഞ്ഞു.
നിലവിൽ സസ്പെൻഷനിലുള്ള മലപ്പുറം കോട്ടയ്ക്കലിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ എടവണ്ണയാണ് എഡിജിപിക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
എഡിജിപി വാങ്ങിക്കൂട്ടിയ കൈക്കൂലിയെക്കുറിച്ച് സംസാരിക്കാൻ ഫേസ്ബുക്കിലൂടെ പരസ്യസംവാദത്തിനും വെല്ലുവിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4.27 നാണ് എഡിജിപിക്കെതിരേ ദിപിൻ പോസ്റ്റിട്ടത്. പിന്നീട് പോസ്റ്റ് പിൻവലിച്ചു.
അഴിമതി സംബന്ധിച്ച തന്റെ പത്ത് ചോദ്യങ്ങൾക്ക് എഡിജിപി ഉത്തരം നൽകണമെന്നും ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ദിപിൻ പറയുന്നുണ്ട്. എഡിജിപി ചില്ലറക്കാരനല്ല.തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നും എന്നാൽ തനിക്ക് ഭയമില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്.
എസ്. ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവത്തിൽ ദിപിനെതിരേ നടപടി സ്വീകരിച്ചിരുന്നു.