നിലക്കല്‍-പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് മുടക്കം; ഹൈക്കോടതി വിശദീകരണം തേടി
Tuesday, May 13, 2025 6:23 PM IST
കൊച്ചി: നിലക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസ് സർവീസ് ശബരിമലയിലെ വിഷു വിളക്ക് തിരുവുത്സവ മഹോത്സവത്തിനിടെ മുന്നറിയിപ്പില്ലാതെ മുടക്കിയതു സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.
നിലക്കലിലെ പമ്പില്‍ ഡീസല്‍ ഇല്ലെന്ന പേരില്‍ ഏപ്രില്‍ 16ന് വൈകുന്നേരം ഏഴിന് നിലക്കലില്നിന്നു പമ്പയിലേക്കുള്ള സര്‍വീസ് മുടങ്ങിയതു സംബന്ധിച്ച ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മാസപൂജയ്ക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ പമ്പയിലും നിലയ്ക്കലുമുള്ള പെട്രോള്‍ പമ്പില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സന്നിധാനത്ത് പുതിയ കുളം നിര്‍മാണം തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പയിലെ ഒരു കോഫി ഷോപ്പില്‍നിന്നു ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സാഹചര്യത്തിൽ ഹോട്ടലുകളില്‍ പരിശോധന നടത്തി പിഴ ഈടാക്കിയിട്ടുണ്ട്.
ശബരി ഗസ്റ്റ് ഹൗസിലും ഡോണര്‍ ഹൗസിലും മുറിക്കുള്ളില്‍ വച്ച് തേങ്ങ ഉടയ്ക്കുന്നതിനാല് തറയോടുകള്‍ പൊട്ടുന്നുണ്ട്. മുറിയെടുക്കുന്നവരില്നിന്ന് ഇതിന്റെ തുക ഈടാക്കണം. ഡോണര്‍ ഹൗസിലെ പല മുറികള്‍ക്കും അറ്റകുറ്റപ്പണി ആവശ്യമാണ്. ശബരി ഗസ്റ്റ് ഹൗസിലും ശിവശക്തിയിലും രണ്ടു മുറികള്‍ കുമരന് സില്‍ക്സ് സ്ഥിരമായി കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി വേണം.
ഭണ്ഡാരത്തില് 14 ചാക്ക് കീറിയ നോട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ട്. വലിയതോതില്‍ വിദേശ നാണയങ്ങളും വിളക്കുകളും മണികളും ഇവിടെ തള്ളിയിട്ടുണ്ട്. വിളക്കുകളും മണികളും ലേലം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.