റെയിൽവേ എമർജൻസി ക്വോട്ട ടിക്കറ്റ് ഇനിമുതൽ എളുപ്പമാകില്ല
Thursday, May 15, 2025 1:09 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: എമർജൻസി ക്വോട്ട വഴി റിസർവേഷൻ ടിക്കറ്റുകൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ റെയിൽവേ മന്ത്രാലയം കർശനമാക്കി.
ഇത്തരം ടിക്കറ്റുകൾ അനധികൃതമായി തരപ്പെടുത്തി വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
എമർജൻസി ക്വോട്ട (ഇക്യു) ടിക്കറ്റുകൾ നൽകുന്നതു സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങൾ റെയിൽ മന്ത്രാലയം രാജ്യത്തെ 17 സോണുകളിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി കഴിഞ്ഞു.
ട്രാവൽ ഏജന്റുമാർ മുഖേനെയുള്ള എമർജൻസി ക്വാട്ട റിസർവേഷൻ ടിക്കറ്റിനുള്ള ഒരു അപേക്ഷയും ഇനി മുതൽ സ്വീകരിക്കരുത് എന്നതാണ് പ്രധാന നിർദേശം. പുതിയ നിർദേശം അനുസരിച്ച് എമർജൻസി ക്വാട്ട ബർത്ത് / സീറ്റിനുള്ള അപേക്ഷകളിൽ ഗസറ്റഡ് ഓഫീസർ ഒപ്പിടുകയും വേണം. മാത്രമല്ല ഇങ്ങനെ ഒപ്പിടുന്ന ഓഫീസർ അദ്ദേഹത്തിന്റെ പേര്, പദവി, ഓഫീസ് ടെലിഫോൺ നമ്പർ, മൊബൈൽ നമ്പർ, യാത്രക്കാരന്റെ മൊബൈൽ നമ്പർ എന്നിവയും അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ എല്ലാവരുടെയും ഫോൺ നമ്പരുകൾ ഉൾപ്പെടുത്തുകയും വേണം.
അപേക്ഷയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന പ്രത്യേക രജിസ്റ്റർ റെയിൽവേ റിസർവേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സൂക്ഷിക്കണം. അപേക്ഷയുടെ ഉറവിടം അടക്കമുള്ള വിശദാംശങ്ങൾ, യാത്രാ സംബന്ധമായ വിവരങ്ങൾ എന്നിവയും രജിസ്റ്ററിൽ ഉൾപ്പെടുത്തണം. അനുചിതമായ അപേക്ഷകൾ പരിഗണിക്കേണ്ടതില്ല എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.