ഒരു വര്‍ഷത്തിനകം തയാറാക്കിയത് 1,800ലേറെ വ്യാജരേഖകള്‍; വന്‍ റാക്കറ്റ് പിടിയിൽ
Thursday, May 15, 2025 1:09 AM IST
കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ നെറ്റ് ഫോര്‍ യു കഫേയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തയാറാക്കിയത് 1800ലേറെ വ്യാജരേഖകളും സര്‍ട്ടിഫിക്കറ്റുകളും. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം കണ്ടെത്തിയത്.
സംഭവത്തില്‍ സ്ഥാപന ഉടമ കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ കെ. സന്തോഷ്കുമാര്‍ (45), കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ചെറുവത്തൂര്‍ മുഴക്കോം നന്ദപുരത്തെ താമസക്കാരനുമായ പി.രവീന്ദ്രന് (51), ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എച്ച്.കെ. ഷിഹാബ് (38) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ സര്‍വകലാശാലകളിലെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡുകള്‍ എന്നിവയാണ് വ്യാജമായി നിര്‍മിച്ചത്. കണ്ണൂര്‍, കാലിക്കട്ട്, കേരള സര്‍വകലാശാലകളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണു കൂടുതലുമെന്നു പോലീസ് പറഞ്ഞു.
കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആര്‍ടി ഓഫീസുകളുടെ വ്യാജ സീലുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തു. 10,000 രൂപയാണ് വ്യാജ രേഖകള്‍ വാങ്ങിക്കാന്‍ എത്തിയവരില്‍നിന്ന് ഈടാക്കിയിരുന്നത്.
കംപ്യൂട്ടര്‍ സെന്റര്‍ ഉടമയായ സന്തോഷ് കുമാറിന്റെ അറിവോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. കംപ്യൂട്ടര്‍ സെന്ററില്‍ വച്ച് രവീന്ദ്രനാണ് രേഖകള്‍ തയാറാക്കിയിരുന്നത്. പിന്നീട് ഷിഹാബിന് അയച്ചുകൊടുക്കും.
ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള പ്രിന്റർ ഉപയോഗിച്ച് പ്രിന്റ് എടുക്കും. തുടര്‍ന്ന് സീല്‍ പതിച്ചശേഷം ആവശ്യക്കാര്‍ക്ക് നല്‍കും.
രേഖകള്‍ തയാറാക്കുന്നതിന് രവീന്ദ്രന് പ്രത്യേകമായി ഹാര്ഡ്വേർ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എസ്ഐ ടി. അഖിലിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നിരന്തരം നിരീക്ഷിച്ച ശേഷമാണ് സംഘത്തെ പിടികൂടിയത്.