ജൂണിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവം: പ്രതിക്കായി തെരച്ചിൽ ഊർജിതം
Thursday, May 15, 2025 2:03 AM IST
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂണിയര്‍ അഭിഭാഷകയെ മര്‍ദിച്ച ശേഷം ഒളിവില്‍ പോയ പ്രതി സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.
നാല് സംഘങ്ങളായാണ് അന്വേഷണം. ബെയ്ലിന് ദാസ് കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിനു തടസമായിട്ടുണ്ട്.
സംഭവശേഷം ബെയ്ലിനെ ഫോണില്‍ ബന്ധപ്പെട്ടവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇവരോട് ഇന്നു രാവിലെ സ്റ്റേഷനിലെത്താന്‍ വഞ്ചിയൂര്‍ സിഐ നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, മര്‍ദനമേറ്റ അഭിഭാഷക ശ്യാമിലിയെ നിയമമന്ത്രി പി. രാജീവ് വഞ്ചിയൂര്‍ കോടതിക്കു മുന്നിലുള്ള ഓഫീസിലെത്തി കണ്ടു.
സര്‍ക്കാരിന്റെ പിന്തുണയുണ്ടാവുമെന്നും ഗൗരവമേറിയ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വിഷയം നിയമവകുപ്പ് ബാര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അച്ചടക്ക നടപടി വേണമെന്ന് ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടും.
നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണമെന്നും മന്ത്രി പറഞ്ഞു. അഭിഭാഷക സമൂഹം യുവതിക്കൊപ്പം നില്‍ക്കണം. പോലീസിനെ ബാര്‍ അസോസിയേഷന് തടഞ്ഞത് തെറ്റായ നടപടിയാണെന്നും രാജീവ് പറഞ്ഞു.
ബെയ്ലിന് ദാസിന് വിലക്ക്
തിരുവനന്തപുരം: ബെയ്ലിന് ദാസിന് അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനു ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും നല്കി.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതിയാണ് ബെയ്ലിന് ദാസിനെതിരേ നടപടിയെടുത്തത്. വിശദീകരണം ലഭിച്ച ശേഷം സസ്പെന്ഷന് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് കൗണ്‍സില്‍ തീരുമാനം.
തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്ന് സംഭവ ദിവസം തന്നെ ബെയ്ലിന് ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.