തൊമ്മൻകുത്തിൽ കലിയടങ്ങാതെ വനംവകുപ്പ്; കുരിശ് തകർത്ത സ്ഥലത്തെ പ്രാർഥനാപീഠവും തകർത്തു
Tuesday, May 13, 2025 7:17 PM IST
തൊമ്മൻകുത്ത് (ഇടുക്കി): നാരുംകാനത്തെ കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് ഇടവക സ്ഥാപിച്ച കുരിശ് തകർത്തതിനു പിന്നാലെ ഇവിടെ സ്ഥാപിച്ചിരുന്ന പ്രാർഥനാപീഠവും എറിഞ്ഞുടച്ച് വനംവകുപ്പിന്റെ വെല്ലുവിളി.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. കുരിശു തകർത്ത സ്ഥലത്ത് വിശ്വാസികൾ വൈകുന്നേരങ്ങളിൽ മുടക്കം കൂടാതെ ജപമാല ചൊല്ലിവരികയായിരുന്നു. ഈ സമയം തിരി കത്തിക്കുന്നതിനായി തറയിൽ ഇഷ്ടികയും മറ്റും ഉപയോഗിച്ച് ചെറിയ പീഠം ഒരുക്കിയിരുന്നു.
ഇതിൽ പൂക്കളർപ്പിച്ചു തിരി കത്തിച്ചാണ് പ്രദേശവാസികൾ പ്രാർഥന നടത്തിയിരുന്നത്. ഇന്നലെ രാവിലെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പീഠം എറിഞ്ഞുതകർത്തതെന്ന് നാട്ടുകാർ പറഞ്ഞു. പ്രാർഥന തടയുകയെന്ന ലക്ഷ്യത്തോടെ മെഴുകുതിരികൾ കത്തിച്ചിരുന്ന ചില്ലുകുപ്പികൾ പൊട്ടിച്ച് ഇവിടെ വിതറുകയും ചെയ്തിട്ടുണ്ട്.
കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി സ്ഥലം സന്ദർശിച്ച് വനംവകുപ്പ് നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് വിശ്വാസികളെയും ജനപ്രതിനിധികളെയും വെല്ലുവിളിച്ച് പ്രാർഥനാപീഠം എറിഞ്ഞുടച്ചത്.
ഇതുസംബന്ധിച്ച് അന്വേഷിച്ചവരോട് തങ്ങളുടെ ജോലിയാണു ചെയ്തതെന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ നൽകിയതെന്നും നാട്ടുകാർ പറഞ്ഞു.
കുരിശ് തകർത്ത് ക്രൈസ്തവവിശ്വാസത്തെ പരസ്യമായി അവഹേളിച്ച സംഭവത്തിൽ വിവിധ കോണുകളിൽനിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
വിശ്വാസികളെ വെല്ലുവിളിക്കുന്ന വനംവകുപ്പ് നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. കുരിശ് തകർത്ത സംഭവത്തിൽ 19ന് കാളിയാർ റേഞ്ച് ഓഫീസിലേക്ക് കാളിയാർ ഫൊറോനയിലെ വിവിധ ഇടവകകളിലെ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.