വഖഫ് ട്രൈബ്യൂണൽ ജഡ്ജിയുടെ കാലാവധി നീട്ടണം; ചീഫ് ജസ്റ്റീസിന് മുനന്പം ഭൂസംരക്ഷണ സമിതിയുടെ അപേക്ഷ
Thursday, May 15, 2025 1:09 AM IST
കൊച്ചി: മുനന്പം ഭൂമി സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന വഖഫ് ട്രൈബ്യൂണൽ ജഡ്ജിയുടെ പ്രവർത്തനാകാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു മുനന്പം ഭൂസംരക്ഷണ സമിതി ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അപേക്ഷ നൽകി.
ഫറൂഖ് കോളജ് വഖഫ് ബോർഡിനെതിരേ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ കൊടുത്തിരിക്കുന്ന കേസിൽ വാദം നടക്കുകയാണ്. 19നു മുന്പ് വാദം പൂർത്തിയാക്കി വിധി പറയാൻ ട്രൈബ്യൂണൽ ജഡ്ജി തയാറായിരുന്നു. എന്നാൽ വഖഫ് ബോർഡിന്റെ ഹർജിയിൽ വിധി പുറപ്പെടുവിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ ജഡ്ജിയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതി മുനന്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുഖേന ചീഫ് ജസ്റ്റീസിന് അപേക്ഷ നൽകിയത്.
ഇതിനിടെ ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുനന്പം ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരം 215-ാം ദിവസത്തിലെത്തി.