നന്ദൻകോട് കൂട്ടക്കൊലപാതകം; കേഡൽ രാജയ്ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ
Tuesday, May 13, 2025 7:17 PM IST
തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജീൻസണ് രാജയ്ക്കു ജീവപര്യന്തം കഠിനതടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ഒന്നാം സാക്ഷിയായ കേഡലിന്റെ അമ്മയുടെ സഹോദരൻ ജോസ് സുന്ദരത്തിനു നൽകണം. ആറാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.
കൊലപാതകത്തിനുള്ള ജീവപര്യന്തം കഠിനതടവിനു പുറമേ വീടു തീവച്ചതിന് ഏഴു വർഷം തടവും തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം തടവും ശിക്ഷിച്ചിട്ടുണ്ട്. 12 വർഷം നീളുന്ന ഈ രണ്ടു ശിക്ഷയും അനുഭവിച്ചതിനു ശേഷം മാത്രമേ ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയുള്ളൂ എന്നു വിധിന്യായത്തിൽ പറയുന്നു.
2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. കേഡലിന്റെ മാതാപിതാക്കളായ പ്രഫ. രാജതങ്കം, ഡോ. ജീൻ പദ്മ, കേഡലിന്റെ സഹോദരി കരോലിൻ, അന്ധയായ ആന്റി ലളിത ജീൻ എന്നിവരെ രണ്ടു ദിവസങ്ങളിലായി മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ചു വച്ചു. പിന്നീട് തീയിട്ടു കത്തിച്ചു മൃതദേഹങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ തീ ആളിപ്പടരുകയും നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തുകയുമായിരുന്നു. അപ്പോഴാണ് വീടിനുള്ളിൽ നാലു മൃതദേഹങ്ങൾ കണ്ടെത്തിയത്.
തീ ആളിപ്പടർന്നപ്പോൾ വീട്ടിൽനിന്നും ഇറങ്ങിയോടിയ കേഡൽ തമിഴ്നാട്ടിലേക്കു കടന്നെങ്കിലും തിരിച്ചു തമ്പാനൂരിൽ എത്തിയപ്പോൾ പോലീസ് പിടികൂടി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരേ തെളിഞ്ഞത്.
അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ആ വാദം അംഗീകരിച്ചില്ല.
കേഡലിന്റെ വീടിനു സമീപത്തുള്ള നാലു സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മാവനായ ജോസ് സുന്ദരം കേഡലിന്റെ വീട്ടുകാർക്കു നൽകിയിരുന്നു. ജീവിതാവസാനം വരെ തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിലായിരുന്നു വസ്തു നൽകിയത്.
എന്നാൽ ആദ്യമാസം തുക നൽകിയതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. വീൽചെയറിൽ കഴിയുന്ന ജോസ് സുന്ദറിനു പിന്നീട് വരുമാനമില്ലാതെയായി. ഇതു പരിഗണിച്ചാണ് പിഴത്തുക ഇദ്ദേഹത്തിനു നൽകാൻ കോടതി ഉത്തരവിട്ടത്.