വന്യജീവി ആക്രമണം: ഇരകളുടെ കുടുംബത്തിനുള്ള തുക ഉയർത്തിയില്ല; 10 ലക്ഷം രൂപ തുടരും
Tuesday, May 13, 2025 7:17 PM IST
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണമടയുന്നവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽനിന്ന് ഉയർത്തണമെന്ന നിർദേശം സർക്കാർ അംഗീകരിച്ചില്ല.
വന്യജീവി ആക്രമണം സംസ്ഥാനത്തു വ്യാപകമായ സാഹചര്യത്തിൽ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിനാൽ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.
വന്യജീവി ആക്രമണത്തെ തുടർന്നു മരണമടയുന്നവരുടെ കുടുംബങ്ങൾക്കുള്ള 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നും ആറു ലക്ഷം രൂപ വനം വകുപ്പിന്റെ തനതു ഫണ്ടിൽനിന്നും അനുവദിക്കും.
ആക്രമണം വനത്തിനുള്ളിൽ വച്ചാണോ പുറത്തു വച്ചാണോ എന്നു കണക്കാക്കാതെ നഷ്ടപരിഹാരം അനുവദിക്കും. നേരത്തേയിത് വനംവകുപ്പിന്റെ ഫണ്ടിൽനിന്നു മാത്രമാണ് അനുവദിച്ചിരുന്നത്. ഇപ്പോൾ എസ്ഡിആർഎഫ് കൂടി ഉൾപ്പെടുമ്പോൾ ഇതിൽ കേന്ദ്ര ഫണ്ട് കൂടി ഉൾപ്പെടുന്ന സാഹചര്യമുണ്ടാകും. മരിക്കുന്നവരുടെ അന്ത്യകർമങ്ങൾക്കായി 10,000 രൂപ അവരുടെ കുടുംബത്തിനു നൽകും.
വന്യജീവി ആക്രമണത്തെ തുടർന്ന് പരിക്കേൽക്കുന്നവരുടെ നഷ്ടപരിഹാരം സ്ലബ് അടിസ്ഥാനത്തിൽ നൽകാനും ഉത്തരവിൽ നിർദേശിക്കുന്നു. ഇതിനു വിവിധ വകുപ്പുകളിൽനിന്നാകും നഷ്ടപരിഹാരം.
40 മുതൽ 60 ശതമാനം വരെ അംഗവൈകല്യമുണ്ടാകുന്നവർക്കും ഒരു കൈ, കാൽ, കണ്ണുകൾ എന്നിവ നഷ്ടമാകുന്നവർക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതിൽ 74,000 രൂപ എസ്ഡിആർഎഫിൽ നിന്നും 1,26,000 രൂപ വനം വകുപ്പിൽ നിന്നും നൽകും.
60 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകും. ഈ തുക പൂർണമായും വനം വകുപ്പാകും നൽകുക. അംഗവൈകല്യത്തിന്റെ വ്യാപ്തി സർക്കാർ ആശുപത്രിയിലെയോ ഡിസ്പെൻസറിയിലെയോ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലിനു വിധേയമായിട്ടാകും നടത്തുക.
വന്യജീവി ആക്രമണത്തെ തുടർന്ന് ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വരുന്നവർക്ക് പരിക്കിന്റെ തോതനുസരിച്ച് 16,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകും. ഇതിൽ 16,000 രൂപ എസ്ഡിആർഎഫിൽനിന്നും പരമാവധി 84,000 രൂപ വരെ വനം വകുപ്പിൽ നിന്ന് അനുവദിക്കും.
ഒരാഴ്ചയിൽ താഴെ ആശുപത്രിവാസം വേണ്ടിവരുന്നവർക്ക് പരിക്കിന്റെ ആഘാതം അനുസരിച്ച് 5400 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അനുവദിക്കാം. വീടുകൾ തകർന്ന കുടുംബങ്ങൾക്ക് വസ്ത്രത്തിനായി 2500 രൂപയും ഉപജീവനമാർഗം തകർന്ന കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് തൊഴിലുറപ്പു പദ്ധതിയിലെ പ്രതിദിന വേതനത്തിന് ആനുപാതികമായ തുകയും നൽകും.
തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരന്തം ബാധിക്കാൻ സാധ്യതയുള്ളവരെ ഒഴിപ്പിക്കൽ എന്നിവയുടെ യഥാർഥ ചെലവ് നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
വന്യജീവി ആക്രമണത്തെത്തുടർന്ന് പശു, എരുമ എന്നിവ നഷ്ടമാകുന്നവർക്ക് 37,500 രൂപയും ആടിന് 4,000 രൂപയും ഭാരം ചുമക്കുന്ന കാള അടക്കമുള്ളവയ്ക്ക് 32,000 രൂപയും നഷ്ടപരിഹാരം നൽകും.
പാമ്പുകടിയേറ്റു മരിച്ചാൽ നാലു ലക്ഷം
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലം മരണമടയുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക നാലു ലക്ഷമാക്കി ഉയർത്തി. നിലവിൽ രണ്ടു ലക്ഷം രൂപയായിരുന്നു. വനത്തിനു പുറത്താണിത്. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.