കേരള പോലീസിന് കരുത്തേകാന്‍ ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് മൂന്നു പടക്കുതിരകള്‍
Tuesday, May 13, 2025 7:16 PM IST
കോഴിക്കോട്: കേരള പോലീസിന്റെ കുതിരപ്പടയ്ക്കു കരുത്തു പകരാന്‍ ഇന്ത്യന്‍ ആര്‍മിയില്‍നിന്നു പരിശീലനം സിദ്ധിച്ച മൂന്നു പടക്കുതിരകളെ വാങ്ങുന്നു. ഏകദേശം 24,40,500 രൂപ ചെലവു പ്രതീക്ഷിക്കുന്ന ഇടപാടിന് സംസ്ഥാന ആഭ്യന്തര വകുപ്പ് അനുമതി നല്കി.
അരക്കോടിയിലധികം രൂപ ചെലവില്‍ എട്ടു കുതിരകളെ വാങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ആര്‍മിയില്‍ നിന്ന് അത്രയും കുതിരകള്‍ ലഭ്യമായിരുന്നില്ല. ഒടുവില്‍ മൂന്നു പടക്കുതിരകളെ വിലയ്ക്ക് കൈമാറാനുളള സന്നദ്ധത ആര്‍മി കേരള പോലീസിനെ അറിയിക്കുകയായിരുന്നു.
ഇന്ത്യന്‍ ആര്‍മിയിലെ സഹാറന്‍പുരിലെ ഡിപ്പോയില്‍നിന്ന് കുതിരകളെ കൊണ്ടുപോകുന്നതിനുള്ള യാത്രാച്ചെലവ്, അവയുടെ തീറ്റ, എന്നിവയെല്ലാം കേരളാ പോലീസ് വഹിക്കണം.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാള്‍ 1880ല്‍ രൂപവത്കരിച്ച "രാജപ്രമുഖാസ് ബോഡി ഗാര്‍ഡ്’ എന്ന കുതിരപ്പട്ടാളമാണ് 1961ല്‍ കേരള പോലീസിന്റെ അശ്വാരൂഢ സേനയായി മാറിയത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള കുതിരപ്പടസേന തിരുവനന്തപുരം ജഗതി കണ്ണേറ്റുമുക്കിലെ 1.14 എക്കറിലാണു പ്രവര്‍ത്തിക്കുന്നത്. ക്രമസമാധാനപാലനത്തിലും ജനമൈത്രി പോലീസ് ഡ്യൂട്ടിയുടെ ഭാഗമായ ബീറ്റ് പട്രോളിംഗിനും കുതിരപ്പോലീസ് സജീവമാണ്.