കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞു ; ജോലിക്കാരൻ കസ്റ്റഡിയിൽ!
Thursday, May 15, 2025 1:09 AM IST
കോന്നി: സ്വകാര്യ ഭൂമിയിൽ കാട്ടാന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം വൃത്തിയാക്കാനെത്തിയ ജെസിബിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കുളത്തുമണ്ണിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കഴിഞ്ഞയാഴ്ച കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ സംഭവത്തിൽ വസ്തു ഉടമയ്ക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു.
കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനു നൽകിയിരുന്ന സ്ഥലത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. സ്ഥലം പാട്ടത്തിനെടുത്തയാൾ നിയോഗിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ തമിഴ്നാട് സ്വദേശിയെ ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യാനായി പാടം സ്റ്റേഷനിൽ എത്തിച്ചിരുന്നു. സംഭവം അറിഞ്ഞു ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ കെ.യു. ജനീഷ്കുമാർ എംഎൽഎ ഇയാളെ മോചിപ്പിച്ചു.
കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖകൾ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും വനപാലകരുടെ പക്കൽ ഉണ്ടായിരുന്നില്ല. നിലവിൽ കസ്റ്റഡിയിലെടുത്ത ആൾക്ക് ഈ സംഭവവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും ഇയാൾ പ്രതിയല്ലയെന്നും എംഎൽഎ വാദിച്ചു.
ആന ചരിഞ്ഞ സ്ഥലത്ത് നാട്ടുകാർ ആനശല്യം മൂലം പൊറുതി മുട്ടുമ്പോഴാണ് ഇത്തരത്തിൽ നിരപരാധിയായ ഒരാളെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തതെന്നും എംഎൽഎ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരോട് ആക്രോശിച്ച എംഎൽഎ ഇയാളെ സ്റ്റേഷനിൽനിന്ന് ബലമായി ഇറക്കി കൊണ്ടുപോരുകയായിരുന്നു. സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ വിശദീകരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് അപ് സന്ദേശം വൈറലായിരിക്കുകയാണ്.
“എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. അറസ്റ്റ് ചെയ്തതിന്റെ രേഖകൾ കാണിക്കണം. ആളിനെ ഇറക്കിവിട്. മനുഷ്യന് ക്ഷമിക്കാവുന്നതിനും സഹിക്കാവുന്നതിനും പരിധിയുണ്ട്. മനസിലായോ. ഇവിടെ മനുഷ്യൻ ചാകാൻ പോവുക. കത്തിക്കും. രണ്ടാമത് ഇവിടെ നക്സലുകൾ വരും. മനസിലായോ. അവിടെ ജനങ്ങൾ ആന വന്നതിൽ പ്രതിഷേധിക്കുകയാണ്. നിന്നെയൊക്കെ ഇങ്ങനെ പണിയിപ്പിക്കുന്നത് ആരെന്ന് എനിക്കറിയാം. ആന ചത്തെങ്കിൽ ഇലക്ട്രിസിറ്റിക്കാർ റിപ്പോർട്ട് തരും. കള്ളക്കേസെടുത്ത് അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണോ”.
പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയ കെ.യു. ജെനീഷ്കുമാർ എംഎൽഎ ഉദ്യോഗസ്ഥരോട് ആക്രോശിച്ച വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവസമയം കോന്നി ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തരടക്കം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഇവരെ എംഎൽഎ തന്നെയാണ് വിളിച്ചുവരുത്തിയതെന്നു പറയുന്നു.
എംഎൽഎയുടെ നടപടിയിൽ വനംവകുപ്പ് ജീവനക്കാരുടെ സംഘടന ശക്തമായ പ്രതിഷേധത്തിലാണ്. വൈദ്യുതാഘാതമേറ്റാണ് കാട്ടാന ചരിഞ്ഞതെന്ന് വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആനയ്ക്ക് എങ്ങനെയാണ് ഷോക്കേറ്റതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. സ്ഥലമുടമ കൈതച്ചക്ക കൃഷിക്കായി മറ്റൊരാൾക്ക് ഭൂമി പാട്ടത്തിന് നൽകിയിരുന്നു. സ്ഥലം വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണ് എംഎൽഎ സ്റ്റേഷനിൽ എത്തിയത്.
സംഭവത്തില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദക്ഷിണമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.