ജിഎസ്ടി അഡീ. കമ്മീഷണറടക്കം മൂന്നംഗ കുടുംബം മരിച്ചനിലയിൽ
Friday, February 21, 2025 3:26 AM IST
കാക്കനാട്: സെൻട്രൽ ജിഎസ്ടി വിഭാഗം അഡീഷണൽ കമ്മീഷണർ അടക്കം ഒരു കുടംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ.
അഡീഷണൽ കമ്മീഷണർ ജാർഖണ്ഡ് സ്വദേശി മനീഷ് വിജയ് (43), സഹോദരി ശാലിനി, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണു കാക്കനാട് ദൂരദർശനു സമീപം താണപാടം റോഡിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിനോട് ചേർന്നുള്ള വില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മനീഷ് വിജയിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹങ്ങൾ കിടപ്പുമുറികളിൽ തൂങ്ങിയ നിലയിലും ശകുന്തള അഗർവാളിനെ കിടപ്പുമുറിയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
മനീഷ് നാലു ദിവസം തുടർച്ചയായി ഓഫീസിൽ ജോലിക്കു ഹാജരാകാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി ഏഴോടെ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വീടിനുള്ളിൽ വെളിച്ചമോ ആളനക്കമോ ഇല്ലെന്നു ബോധ്യമായതിനെത്തുടർന്ന് ഇവർ ക്വാർട്ടേഴ്സിന്റെ മതിൽ ചാടിക്കടന്നാണു പരിശോധന നടത്തിയത്. തുറന്നു കിടന്ന ജനലിലൂടെ ആദ്യം മനീഷ് വിജയിന്റെ സഹോദരിയുടെ മൃതദേഹവും മറ്റൊരു മുറിയിൽ മനീഷ് വിജയിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.
വിവരമറിഞ്ഞ് തൃക്കാക്കര പോലീസ് സ്ഥലത്തെത്തിയെങ്കിലും ഫോറൻസിക് വിദഗ്ധർ എത്തുന്നതുവരെ വീടിനുള്ളിൽ പ്രവേശിച്ചില്ല. രാത്രി പത്തോടെയാണ് ഫോറൻസിക് വിദഗ്ധർ എത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചത്.
മരണകാരണം എന്തെന്ന് ഇതുവരെ അറിവായിട്ടില്ല. ഒന്നരവർഷമായി മനീഷ് തനിച്ചുതാമസിച്ച ശേഷം മൂന്നു മാസം മുമ്പാണ് അമ്മയും സഹോദരിയും ഇവിടെ താമസത്തിനെത്തിയത്.
മൃതദേഹങ്ങൾ ഇന്നലെ രാത്രി വൈകി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഉയർന്ന റാങ്കിലുള്ളവർക്കുവേണ്ടിയുള്ള സെൻട്രൽ എക്സൈസ് വില്ലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.