ഉത്സവസ്ഥലത്ത് സിപിഎം- ബിജെപി സംഘർഷം: എസ്ഐക്കും പോലീസുകാർക്കും പരിക്ക്
Friday, February 21, 2025 3:25 AM IST
തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. സംഘർഷം തടയാനെത്തിയ പോലീസ് ഉദ്യാഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. എസ്ഐക്കും മൂന്നു സിവിൽ പോലീസ് ഓഫീസർമാർക്കും പരിക്കേറ്റു. എസ്ഐ അഖിലിനെ കോളറിനു പിടിച്ചു തള്ളുകയും മറ്റു പോലീസ് ഉദ്യാഗസ്ഥരെ തള്ളി നിലത്തിടുകയും ചെയ്തു.
പോലീസ് ഇവിടെ ഡ്യൂട്ടിക്കു വേണ്ട, കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പോലീസ് കാവിൽ കയറി കളിക്കേണ്ട, കാവിലെ കാര്യം നോക്കാൻ ഞങ്ങളുണ്ട്, കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ ഉണ്ടാകില്ല തുടങ്ങിയ ആക്രോശങ്ങളുമായാണ് സിപിഎം പ്രവർത്തകർ പോലീസിനെ ആക്രമിച്ചതെന്ന് സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
ദിപിൻ എന്ന സിപിഎം പ്രവർത്തകൻ യൂണിഫോമിലുള്ള എസ്ഐ അഖിലിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിക്കുകയും ജോഷിത്ത് എന്ന പ്രവർത്തകൻ കഴുത്തിന് പിടിച്ച് അമർത്തുകയും ചെയ്തു. സിവിൽ പോലീസ് ഓഫീസർമാരായ ഷിബിത്ത്, ഹെബിൻ, രൂപേഷ് എന്നിവരെ മർദിച്ചതായും റിപ്പോർട്ടിലുണ്ട്.
ഇന്നലെ പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. തെയ്യം കെട്ടിയാടുന്നതിനിടെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ഇത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം തടയാൻ എത്തിയ പോലീസിന് നേരേ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ ദിപിൻ രവീന്ദ്രൻ, ജോഷിത്ത്, ഷിജിൽ, ചാലി എന്ന വിപിൻ, സിനീഷ് രാജ്, സന്ദേശ് പ്രദീപ്, ഷിബിൻ എന്നിവർ ഉൾപ്പെടെ 27 സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഉത്സവത്തിനിടയിൽ സംഘർഷം ഉണ്ടാകുകയും പോലീസ് വെടിവയ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഏതാനും വർഷങ്ങളായി സമാധാനാന്തരീക്ഷത്തിലാണ് ഉത്സവം നടന്നിരുന്നത്.