കേന്ദ്ര തീരുമാനം ദുരിതബാധിതരോടുള്ള യുദ്ധപ്രഖ്യാപനം: ബിനോയ് വിശ്വം
Friday, February 21, 2025 3:26 AM IST
തിരുവനന്തപുരം: ബിജെപി ഭരണത്തിൻ കീഴിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചന പരന്പര തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ദേശീയ ദുരന്ത പ്രതികരണനിധിയിൽ നിന്നുള്ള സഹായധനം പങ്കിട്ടപ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ട് കേരളത്തെ കബളിപ്പിക്കുകയാണുണ്ടായത്.
കഴിഞ്ഞ വർഷം ഉണ്ടായ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു സംസ്ഥാനങ്ങൾക്കായി 1,555 കോടി രൂപ അധിക സഹായമായി അനുവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി അംഗീകാരം നൽകിയപ്പോൾ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ പരിഗണിക്കാനേ തയാറായിട്ടില്ല. രാജ്യം കണ്ട അതിതീവ്രമായ ദുരന്തങ്ങളിലൊന്നിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.