ശിശുക്ഷേമ സമിതിയിലെ നിയമനം ; കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി
Friday, February 21, 2025 3:25 AM IST
കൊച്ചി: ശിശുക്ഷേമ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രത വേണമെന്നു ഹൈക്കോടതി. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചവരെ മാത്രമേ നിയമിക്കാവൂവെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കൊല്ലം ശിശുക്ഷേമ സമിതിയംഗം അലന് എം. അലക്സാണ്ടറുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അലന് ബാലനീതി നിയമത്തില്‍ പറയുന്ന യോഗ്യതകള്‍ ഇല്ലെന്ന് കോടതി വിലയിരുത്തി. നിയമനം ചോദ്യം ചെയ്ത് അപ്പീല്‍ നല്കിയ സി. കൃഷ്ണന്‍കുട്ടി നായരെ സിമിതി അംഗമായി നിയമിക്കാനും കോടതി നിര്‍ദേശിച്ചു.
കുട്ടികളുടെ സംരക്ഷണത്തിനുള്ളതാണ് ബാലനീതി നിയമം. ശിശുക്ഷേമ സമിതിയെന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടവരാണെന്നും കോടതി ഓര്‍മിപ്പിച്ചു. കൊല്ലം ശിശുക്ഷേമ സമിതിയിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിനുള്ള അഭിമുഖത്തില്‍ കൃഷ്ണന്‍കുട്ടി നായരും പങ്കെടുത്തിരുന്നു. എന്നാല്‍ വെയിറ്റിംഗ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയത്.
മെഡിക്കല്‍ ടൂറിസം, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അലന്.
ശിശുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പങ്കാളിയായതിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും സമിതി അംഗമാക്കിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി.