എഡിഎം ആകാൻ നിൽക്കേണ്ടെന്ന് ഭീഷണി; കാസർഗോഡ് നഗരസഭാ സെക്രട്ടറിക്ക് മർദനം
Monday, December 9, 2024 4:58 AM IST
കാസർഗോഡ്: അനധികൃതമായി ഉപയോഗപ്പെടുത്തിയ കെട്ടിടനമ്പർ റദ്ദാക്കിയതിന്റെ പേരിൽ കാസർഗോഡ് നഗരസഭാ സെക്രട്ടറിക്കു ഭീഷണിയും മർദനവും. ഓഫീസിനു മുന്നിൽവച്ച് കൈയേറ്റത്തിനിരയായ നഗരസഭാ സെക്രട്ടറി പി.എ. ജസ്റ്റിൻ തൊട്ടുപിന്നാലെ സ്വദേശമായ ആലപ്പുഴയിലേക്കു മടങ്ങി. ഇദ്ദേഹം ജില്ലാ പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേന പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
എഡിഎം ആകാൻ നിൽക്കേണ്ടെന്ന ഭീഷണിയാണു തനിക്ക് ലഭിച്ചതെന്നും ജീവനോടെ നാട്ടിലേക്ക് തിരിച്ചുപോകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മർദനമെന്നും പരാതിയിൽ പറയുന്നു. തനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം തളങ്കരയിലെ കെട്ടിട ഉടമയ്ക്കും ഓഫീസിനു മുന്നിൽവച്ചു തന്നെ കൈയേറ്റംചെയ്ത വ്യക്തികൾക്കും ഇവർക്കു കൂട്ടുനിന്ന നഗരസഭയിലെ റവന്യു ഓഫീസർക്കുമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പറയുന്നു.
ആരോപണവിധേയനായ റവന്യു ഓഫീസർക്ക് നേരത്തേ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. 892.9 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ 580 ചതുരശ്രമീറ്റർ ഭാഗത്തിനു മാത്രമാണു നഗരസഭാ സെക്രട്ടറി നിയമപ്രകാരം ഉപയോഗാനുമതിയും കെട്ടിടനമ്പറും നല്കിയിരുന്നത്.
എന്നാൽ തന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും ഉപയോഗപ്പെടുത്തിയതായി അറിഞ്ഞതോടെ കെട്ടിടനമ്പർ അപ്പാടേ റദ്ദാക്കുകയും ഇതിനു കൂട്ടുനിന്ന റവന്യു ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയും മർദനവും ഉണ്ടായത്. വൈകുന്നേരം അഞ്ചരയോടെ ഓഫീസ് വിട്ടുപോകുകയായിരുന്ന ജീവനക്കാരുടെ മുന്നിൽവച്ചായിരുന്നു ഇത്. ഈ സംഭവത്തോടെയാണു സെക്രട്ടറി നാട്ടിലേക്കു മടങ്ങിയത്.