ഏഴ് ദീർഘദൂര ട്രെയിനുകൾ താത്കാലികമായി റദ്ദാക്കി
Tuesday, December 24, 2024 2:39 AM IST
കൊല്ലം: കേരളം വഴി സർവീസ് നടത്തുന്ന ഏഴ് ദീർഘദൂര ട്രെയിനുകൾ താത്കാലികമായി റദ്ദാക്കി റെയിൽവേ. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ പേരിലാണ് ഈ നടപടി.
ക്രിസ്മസ്-പുതുവത്സര സീസണിലെ തിരക്ക് സമയത്തുതന്നെ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രാദുരിതം ഇരട്ടിയാക്കുമെന്ന കാര്യം ഉറപ്പ്. അവധി കഴിഞ്ഞ് നാട്ടിൽനിന്നു തിരികെ പോകുന്നവരെ ആയിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. പകരം സംവിധാനങ്ങളൊന്നും അധികൃതർ ഏർപ്പെടുത്തിയിട്ടുമില്ല.
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-ഇൻഡോർ അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 28, ജനുവരി നാല് തീയതികളിലെ സർവീസാണ് റദ്ദ് ചെയ്തിട്ടുള്ളത്. തിരികെയുള്ള ഇൻഡോർ-കൊച്ചുവേളി ട്രെയിൻ ഡിസംബർ 30, ജനുവരി ആറ് എന്നീ തീയതികളിൽ റദ്ദ് ചെയ്തു.
കൊച്ചുവേളി-കോർബ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 26, 30 ജനുവരി രണ്ട്, ആറ് തീയതികളിൽ സർവീസ് നടത്തില്ല. കോർബ-കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിൻ 28, ജനുവരി ഒന്ന്, നാല്, എട്ട് തീയതികളിൽ ഓടില്ല.
ഗോരഖ്പുർ-കൊച്ചുവേളി രപ്തി സാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 26, ജനുവരി മൂന്ന്, അഞ്ച് തീയതികളിൽ റദ്ദാക്കി. തിരികെയുള്ള കൊച്ചുവേളി-ഗോരഖ്പുർ ട്രെയിൻ 31, ജനുവരി ഏഴ്, എട്ട് തീയതികളിലും കാൻസൽ ചെയ്തു.
ബറൗണി-എറണാകുളം രപ്തിസാഗർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 30, ജനുവരി ആറ് തീയതികളിലും സർവീസ് നടത്തില്ല.
കേരളത്തിന് കുംഭമേള സ്പെഷൽ ട്രെയിനും
കേരളത്തിൽനിന്ന് മഹാകുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്ത. കൊച്ചുവേളി-ബനാറസ് റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.
06007 കൊച്ചുവേളി-ബനാറസ് ട്രെയിൻ 2025 ഫെബ്രുവരി 18, 25 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 9.50ന് ബനാറസിൽ എത്തും.
തിരികെയുള്ള ബനാറസ്-കൊച്ചുവേളി സ്പെഷൽ (06008) ഫെബ്രുവരി 21, 28 തീയതികളിൽ ബനാറസിൽനിന്ന് വൈകുന്നേരം 6.05ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11.55ന് കൊച്ചുവേളിയിൽ എത്തും.
ഏസി ത്രീ ടയർ-നാല്, ഏസി ത്രീ ടയർ എക്കണോമി-ഏഴ്, സ്ലീപ്പർ ക്ലാസ്-ഒന്ന്, ജനറൽ സെക്കൻഡ് ക്ലാസ്-നാല് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചുകഴിഞ്ഞു.