മതസംഘടനകളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം യുഡിഎഫ് നിലകൊള്ളും: പ്രതിപക്ഷ നേതാവ്
Tuesday, December 24, 2024 2:39 AM IST
തിരുവനന്തപുരം: മതസംഘടനകളുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം യുഡിഎഫ് നിലകൊള്ളുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു മതസംഘടനയുമായും യുഡിഎഫിന് പ്രശ്നമില്ല.
അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഒപ്പം നില്ക്കും. അല്ലാതെ രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നതാണ് നിലപാട്. ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും എതിരേ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ വെള്ളം ചേര്‍ക്കില്ല.
പ്രതിപക്ഷ നേതാവായതിനു ശേഷം താന്‍ ഒരു വാക്കു പോലും പറഞ്ഞിട്ടില്ലാത്ത ആള് എനിക്കെതിരേ പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഇതൊക്കെ പൊതുസമൂഹം വിലയിരുത്തും. ഇതിനൊക്കെ മറ്റാരും മറുപടി പറയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ എല്ലാവര്ക്കും വിമര്‍ശിക്കാന്‍ അധികാരമുണ്ട്.
വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണോ വ്യക്തിപരമായി ഇല്ലാതാക്കാനുള്ള ശ്രമമാണോ എന്നൊക്കെ പൊതുസമൂഹം വിലയിരുത്തട്ടെ.വിമര്‍ശിക്കുന്നവര്‍ക്കൊക്കെ മറുപടി നല്‍കാനാകില്ല. ആരുടെ നാവില്‍ നിന്നാണ് വേണ്ടാത്തത് വരുന്നതെന്ന് ജനം വിലയിരുത്തട്ടെയെന്നും സതീശന് പറഞ്ഞു.
യുഡിഎഫിനെ കേരളത്തില്‍ തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യവുമായാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ യുഡിഎഫിനെ ആക്രമിക്കുന്നതിന് പകരം വ്യക്തിപരമായാകും ആക്രമിക്കുന്നത്. പക്ഷെ അതിനൊക്കെ യുഡിഎഫ് ചെയര്മാന് എന്ന നിലയില്‍ മാത്രമേ മറുപടി നല്‍കാനാകൂ-സതീശന് കൂട്ടിച്ചേര്‍ത്തു.