തുലാവർഷം അവസാനിക്കാൻ മൂന്നാഴ്ച കൂടി
Monday, December 9, 2024 4:58 AM IST
തിരുവനന്തപുരം: തുലാവർഷം അവസാനിക്കാൻ മൂന്നാഴ്ച ബാക്കി നിൽക്കുന്പോൾ സംസ്ഥാനത്ത് നാല് ശതമാനം മഴക്കുറവ്. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 472.6 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 456 മില്ലീമീറ്റർ മാത്രമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിക്ക ജില്ലകളിലും ശരാശരിക്ക് അടുത്ത് മഴ ലഭിച്ചപ്പോൾ എറണാകുളം, കൊല്ലം ജില്ലകൾ മഴക്കുറവിൽ വലയുകയാണ്. കൊല്ലത്ത് ഇന്നലെ വരെ 31 ശതമാനം മഴക്കുറവും എറണാകുളത്ത് 25 ശതമാനം മഴക്കുറവും രേഖപ്പെടുത്തി.
തുലാവർഷത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്, 34 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തത്.
കണ്ണൂരിൽ 19 ശതമാനവും കോട്ടയത്ത് എട്ട് ശതമാനവും പത്തനംതിട്ടയിൽ ആറ് ശതമാനവും തൃശൂരിൽ മൂന്ന് ശതമാനവും അധിക മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.