വചനം മാംസം ധരിച്ചാൽ പിന്നെ...
Monday, December 9, 2024 4:58 AM IST
ദൈവപുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന് മുന്പുള്ള അവസ്ഥയെ വിശുദ്ധ യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നത് “ദൈവത്തിന്റെ വചനം’’ എന്ന പദപ്രയോഗത്തിലൂടെയാണ്. “വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു’’ (യോഹ 1:14) എന്നു പറഞ്ഞുകൊണ്ടാണ് ദൈവപുത്രന്റെ മനുഷ്യാവതാരത്തെ തന്റെ സുവിശേഷത്തിൽ വരച്ചുകാണിക്കുന്നത്.
പിതാവായ ദൈവത്തിന്റെ വചനമാണ് പുത്രനായ ഈശോമിശിഹ. ജീവനുള്ള ശരീരത്തിൽ ശബ്ദം അന്തർലീനമാണ്. ശരീരം ആവശ്യാനുസരണം അതു പുറപ്പെടുവിക്കുന്നു. ഒരു വ്യക്തിയിൽ മറഞ്ഞിരിക്കുന്നത് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകാശിതമാകുന്നു. തന്റെ മനുഷ്യാവതാരത്തിലൂടെ പിതാവായ ദൈവത്തിന്റെ പുത്രൻ, വചനമാകുന്ന ദൈവം, അദൃശ്യനായ പിതാവിനെ വെളിപ്പെടുത്തി.
തന്റെ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും ഈശോ പിതാവിനെ പ്രത്യക്ഷീകരിച്ചു. പിതാവ് പറയാതൊന്നും പുത്രൻ പ്രവർത്തിക്കുകയോ പറയുകയോ ചെയ്യുന്നില്ല എന്ന് പുത്രൻതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ‘എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു, ഞാനും പിതാവും ഒന്നാണ്’ എന്ന് ധൈര്യമായി പറയുവാൻ ഉതകുംവിധം ഈശോയും പിതാവായ ദൈവവും പരിശുദ്ധ റൂഹായിൽ ഏകമായി നിലകൊള്ളുന്നു.
വചനമായ ദൈവത്തെ സ്വന്തം ഗർഭത്തിൽ വഹിച്ചവളാണ് ഈശോയുടെ അമ്മയായ മറിയം. പരിശുദ്ധ റൂഹാ വഴി മറിയം ദൈവത്തിന്റെ വചനമായ ഈശോയെ ഗർഭം ധരിച്ചു കഴിഞ്ഞപ്പോൾ, മറിയം യൂദയായിലെ മലന്പ്രദേശത്ത് വസിച്ചിരുന്ന തന്റെ ബന്ധുവായ എലിസബത്ത് വാർധക്യത്തിൽ ഗർഭം ധരിച്ചിരിക്കുന്നുവെന്ന് മനസിലാക്കി, അവരെ സന്ദർശിച്ച് ശുശ്രൂഷിക്കുവാൻ ‘തിടുക്കത്തിൽ യാത്രയായി’ (ലൂക്കാ 1:39) എന്ന് വിശുദ്ധ ബൈബിൾ സാക്ഷിക്കുന്നു.
ഒരു വ്യക്തിയിൽ ദൈവവചനം മാംസം ധരിച്ചു കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നതിന് മറിയം ഏറ്റവും നല്ല ഉദാഹരണമാണ്. ദൈവവചനം മാംസം ധരിച്ചുകഴിഞ്ഞാൽ ആ വ്യക്തിക്ക് സ്വന്തം കാര്യം മാത്രം നോക്കി അടങ്ങിയിരിക്കുക സാധ്യമല്ല.
ഗർഭിണിയായിരിക്കെ, ഗർഭാവസ്ഥയുടെ എല്ലാ അരിഷ്ടതകളും അസുഖങ്ങളും ശരീരത്തിൽ വഹിച്ചുകൊണ്ട്, വാർധക്യത്തിൽ ഗർഭിണിയായ എലിസബത്തിന് തന്റെ സഹായം ആവശ്യം വന്നേക്കാമെന്നു സ്വയം മനസിലാക്കി, ആരും ആവശ്യപ്പെടാതെതന്നെ മറിയം ‘തിടുക്കത്തിൽ യാത്രയാകുകയാണ്’ ചെയ്തത്. ‘തിടുക്കം’ തീവ്രവും ആത്മാർഥവുമായ ആഗ്രഹത്തിന്റെ ലക്ഷണമാണ്. ഒരു വ്യക്തിയിൽ ദൈവവചനം വന്ന് വസിച്ചുകഴിഞ്ഞാൽ പിന്നെ അപരനിൽ ദൈവമുഖം ദർശിക്കാനും അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ആരും പറയേണ്ടതില്ല, ആരും നിർബന്ധിക്കേണ്ടതില്ല. വചനസാന്നിധ്യത്തിന്റെ സാധാരണ പ്രതികരണമാണു സ്നേഹവും ശുശ്രൂഷയും.
ദൈവത്തിന്റെ വചനം നമ്മിൽ വന്നു വസിക്കണമെങ്കിൽ നാം അത് അടങ്ങുന്ന വിശുദ്ധ ബൈബിൾ എടുത്തു വായിക്കണം. വായിച്ചാൽ മാത്രം പോരാ, ധ്യാനപൂർവം പഠിക്കണം. ആത്മാവും ജീവനുമായ ദൈവവചനം ഇരുതലവാളിനേക്കാള് മൂർച്ചയുള്ളതും നമ്മുടെ അന്തരംഗങ്ങളിലേക്ക് തുളച്ചുകയറി അവിടെ വാസമുറപ്പിക്കുവാൻ ശക്തവുമാണ്. അഗ്നിതുല്യമായ വചനം നമ്മെ ശുദ്ധീകരിച്ച് രൂപപ്പെടുത്തുന്നതിനു പര്യാപ്തമാണ്.
ദൈവത്തിന്റെ വചനം മാംസം ധരിച്ചതിന്റെ, മനുഷ്യനായി അവതരിച്ചതിന്റെ ഓർമ ആചരിക്കുന്ന ഈ അവസരത്തിൽ ഇന്നും ജീവിക്കുന്ന ആ വചനം നമ്മിൽ വന്നു വസിക്കാനും നമ്മുടെ വാക്കിലൂടെയും പ്രവൃത്തികളിലൂടെയും മാംസം ധരിക്കാനും ഇടയാക്കുന്പോഴാണു നാം യഥാർഥത്തിൽ ക്രിസ്മസ് അനുഭവിക്കുക.