കാളിദാസ് ജയറാം വിവാഹിതനായി
Monday, December 9, 2024 4:37 AM IST
ഗുരുവായൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതനായി. തമിഴ്നാട് സ്വദേശികളായ ഹരിഹർ രാജ് കലിംഗരായരുടെയും ആരതി ബാബുലാലിന്റെയും മകളും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഇന്നലെ രാവിലെ 7.30 നായിരുന്നു താലികെട്ട്.
ചുവപ്പു മുണ്ടും വേഷ്ടിയുമണിഞ്ഞ് കാളിദാസും ചുവപ്പ് പട്ടുസാരി അണിഞ്ഞ് തരിണിയും വിവാഹ മണ്ഡപത്തിലെത്തി. ജയറാം, പാർവതി, തരിണിയുടെ മാതാപിതാക്കൾ, കാളിദാസിന്റെ സഹോദരി മാളവിക, അടുത്ത ബന്ധുക്കൾ എന്നിവർ മണ്ഡപത്തിൽ ചടങ്ങുകൾ നിർവഹിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയും കുടുംബവും, മന്ത്രി മുഹമ്മദ് റിയാസ്, സംവിധായകൻ മേജർ രവി എന്നിവർ വധൂവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു.
തുടർന്ന് ഗോകുലം പാർക്കിൽ നടൻ സിദ്ദിഖ്, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവരും എത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗം കെ.പി. വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും വിവാഹച്ചടങ്ങിൽ സംബന്ധിച്ചു.