കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഗുരുതര വീഴ്ച: വി.ഡി. സതീശൻ
Monday, December 9, 2024 4:37 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നു ഹൈക്കോടതി വിമർശനം വ്യക്തമാക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എത്ര ലാഘവത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങളെ സർക്കാരുകൾ കാണുന്നത് എന്നതിന്റെ ഉദാഹരണംകൂടിയാണിത്. ദുരന്തം നടന്ന് നാലു മാസമായിട്ടും പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള അനീതിയാണ്.
പുനരധിവാസത്തിന് എത്ര തുക വേണ്ടിവരുമെന്നും നിലവിലെ ദുരന്തനിവാരണ ഫണ്ടിൽനിന്നു എത്ര തുക ഉപയോഗിക്കാൻ സാധിക്കുമെന്നും ഉൾപ്പെടെ വ്യക്തമായ കണക്ക് സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതര കുറ്റമാണ്. ഇതു സംബന്ധിച്ച കോടതി വിമർശനം സംസ്ഥാന സർക്കാരിന്റെ ആത്മാർഥതയില്ലായ്മയാണ് തെളിയിക്കുന്നത്. പുനരധിവാസത്തിന് ഭൂമി പോലും കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വലിയ വീഴ്ചയാണ്. ഇതേ ത്തുടർന്ന് കർണാടക സർക്കാർ അടക്കം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു.