ധനകാര്യ കമ്മീഷൻ മൂന്നുദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ
Monday, December 9, 2024 4:37 AM IST
നെടുമ്പാശേരി : 16ാംകേന്ദ്ര ധനകാര്യ കമ്മീഷൻ ത്രിദിന സന്ദർശനത്തിനായി കേരളത്തിലെത്തി. കമ്മീഷൻ അധ്യക്ഷൻ അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള നാലംഗസംഘത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലേക്കുള്ള പഠനയാത്രകളുടെ ഭാഗമായാണു കേരള സന്ദർശനം.
നാളെ രാവിലെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘത്തെ സ്വീകരിക്കും. തുടർന്ന് സർക്കാർ, തദ്ദേശ സ്വയംഭരണ മേഖല, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്യും. ഇതിനുശേഷമാണ് കേരളത്തിന്റെ വിഹിതം സംബന്ധിച്ച് കമ്മീഷൻ തീരുമാനം കൈക്കൊള്ളുക. കേരളത്തിനു പരമാവധി ന്യായമായ വിഹിതം ലഭിക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അടുത്ത അഞ്ചുവർഷത്തെ സാമ്പത്തിക സഹായങ്ങളും പദ്ധതിവിഹിതവും സംബന്ധിച്ച ആവശ്യങ്ങളാണു കേരളം കമ്മീഷനു മുന്പിൽ സമർപ്പിക്കുക. വിശദമായ മെമ്മോറാണ്ടം തയാറാക്കിയിട്ടുണ്ടെന്നും അർഹമായ പരിഗണന ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. നികുതിവിഹിതം സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പടെയായിരിക്കും കേരളം അവതരിപ്പിക്കുക.
നെടുമ്പാശേരിയിൽനിന്ന് കുമരകത്തേക്കു പോയ സംഘം ഇന്നു രാവിലെ തിരുവാർപ്പ്, അയ്മനം പ്രദേശങ്ങൾ സന്ദർശിക്കും. വൈകുന്നേരം കോവളത്ത് എത്തും. ചൊവ്വാഴ്ച രാവിലെ 9.30 ന് കോവളം ലീലാ ഹോട്ടലിലാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനുശേഷം പഞ്ചായത്ത്, നഗരസഭ, കോര്പറേഷന് അധ്യക്ഷന്മാരുമായും വ്യാപാര- വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.