കൊഴിഞ്ഞാമ്പാറയിൽ ഒരേസ്ഥലത്ത് രണ്ട് അപകടങ്ങൾ; രണ്ടു മരണം
Monday, December 9, 2024 4:37 AM IST
കൊഴിഞ്ഞാമ്പാറ (പാലക്കാട്): നാട്ടുകല്ലിനു സമീപം ഒരേസ്ഥലത്തു നടന്ന രണ്ട് വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽപ്പെട്ട ഒരു സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ശനിയാഴ്ച രാത്രി 9.30നാണ് ദോസ്ത് മിനിവാഹനം ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചത്. നല്ലേപ്പിള്ളി തെക്കേദേശം പരേതനായ പഴനിയപ്പ മുതലിയാരുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്.
നാട്ടുകൽ ഭാഗത്തുനിന്നു മാട്ടുമൊന്ത ഭാഗത്തേക്കു പോകുകയായിരുന്ന രാജേന്ദ്രനെ പുറകിൽവന്ന വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഒരു കിലോമീറ്റർ അകലെയുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറവു മാലിന്യവുമായി അമിതവേഗത്തിലാണ് പിക്കപ്പ് വാൻ സഞ്ചരിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.
ഇതേസ്ഥലത്ത് രാത്രി 12 നാണ് രണ്ടാമത്തെ അപകടംനടന്നത്. കോയമ്പത്തൂരിൽനിന്നു നല്ലേപ്പിള്ളിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ മാച്ചാംപാളയം രമേശ് (47), ഭാര്യ സുമതി (40) എന്നിവർ സ്കൂട്ടിയിലാണ് സഞ്ചരിച്ചിരുന്നത്. നാട്ടുകല്ലിൽ മുന്പ് അപകടത്തിൽപ്പെട്ട വാഹനംകാണാൻ ഇവർ വണ്ടി നിർത്തിയിരുന്നു. ഇതേസമയം പുറകിലെത്തിയ കാർ ഇവരുടെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു.
പോലീസ് ഇരുവരെയും നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുമതി മരിച്ചു. സാരമായ പരിക്കേറ്റ രമേശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ സ്കൂട്ടർ കത്തിനശിച്ചു. അപകടത്തിനുശേഷം നിർത്താതെപോയ കാർ പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡി യിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
പരമേശ്വരിയാണു മരിച്ച രാജേന്ദ്രന്റെ ഭാര്യ. മകൻ: രാജീവ്. മുതലമട പാപ്പമ്പള്ളം സ്വദേശിനിയാണു രണ്ടാമത്തെ അപകടത്തിൽ മരിച്ച സുമതി. മകൻ: സഞ്ജയ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.