നിർബന്ധിത വില്ലേജ് ഓഫീസ് സേവനം: ജീവനക്കാരെ 15നകം മാറ്റി നിയമിക്കണം
Monday, December 9, 2024 4:37 AM IST
തിരുവനന്തപുരം: നിർബന്ധിത വില്ലേജ് ഓഫീസ് സേവനം നടപ്പാക്കുന്നതിന്റെ ഭാഗമായി സീനിയോറിറ്റി പട്ടികയിലുള്ള ജീവനക്കാരെ ഈ മാസം 15 നകം മാറ്റി നിയമിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം. ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ്, സീനിയർ ക്ലർക്ക്, സ്പെഷൽ വില്ലേജ് ഓഫീസർ കേഡറുകളിലുള്ളവർക്കാണ് സ്ഥാനക്കയറ്റത്തിന് മൂന്നുവർഷത്തെ വില്ലേജ് ഓഫീസ് സേവനം നിർബന്ധമാക്കിയത്.
അടുത്ത ഏപ്രിൽ മുതൽ ഡെപ്യൂട്ടി തഹസിൽദാർ, ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ തസ്തികയിൽ രണ്ടുവർഷം പ്രവർത്തിച്ചിരിക്കണമെന്ന് റവന്യൂ വകുപ്പ് നിർദേശിച്ചിരുന്നു.
സ്ഥാനക്കയറ്റം താത്കാലികമായി വേണ്ടെന്ന് വച്ചിട്ടുള്ളവരെയും ജോലി ക്രമീകരണ വ്യവസ്ഥയിലുള്ളവരെയും നിർബന്ധിത വില്ലേജ് ഓഫീസ് സേവനത്തിൽ നിന്ന് ഒഴിവാക്കില്ല. സീനിയോറിറ്റി ക്രമത്തിൽ അവരെയും നിയോഗിക്കാനാണ് നിർദേശം. സ്ഥാനക്കയറ്റം സ്ഥിരമായി വേണ്ടെന്ന് എഴുതി നൽകിയിട്ടുള്ളവരെ വില്ലേജ് സേവനത്തിന് പരിഗണിക്കില്ല.
ഇക്കാര്യത്തിൽ ജീവനക്കാർ സമ്മത പത്രം നൽകണം. സ്റ്റേഷൻ മാറ്റി ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ മുൻകൂർ അനുമതി തേടണം.
നിർബന്ധിത വില്ലേജ് ഓഫീസ് സേവനത്തിന് തയാറാകാത്ത ജീവനക്കാരിൽ നിന്നു സമ്മത പത്രം വാങ്ങി സേവനപുസ്തകത്തിൽ രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.