വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാഞ്ഞങ്ങാട് സ്വകാര്യ നഴ്സിംഗ് സ്കൂളിനു മുന്നിൽ പ്രതിഷേധം
Monday, December 9, 2024 4:37 AM IST
കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ സ്വകാര്യ നഴ്സിംഗ് സ്കൂളിൽ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പാണത്തൂർ സ്വദേശിനിയായ മൂന്നാംവർഷ ജനറൽ നഴ്സിംഗ് വിദ്യാർഥിനിയാണ് ആശുപത്രി കെട്ടിടത്തിനു മുകളിലെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.
പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് നഴ്സിംഗ് വിദ്യാർഥിനികൾ ആശുപത്രിക്കു മുന്നിൽ പ്ലക്കാർഡുകളുമായി പ്രതിഷേധം നടത്തി.
മാനേജ്മെന്റിന്റെ തെറ്റായ നിലപാടുകളും പീഡനങ്ങളുമാണ് വിദ്യാർഥിനിയെ ആത്മഹത്യാശ്രമത്തിലേക്ക് തള്ളിവിട്ടതെന്ന് അവർ ആരോപിച്ചു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയതിനുശേഷമാണ് സമരം താത്കാലികമായി അവസാനിപ്പിച്ചത്.