സുവോളജിക്കൽ പാർക്ക് മുഴുവൻസമയ ഡയറക്ടറെ നിയമിക്കുമെന്ന് മന്ത്രി
Monday, December 9, 2024 4:37 AM IST
തൃശൂർ: സുവോളജിക്കൽ പാർക്കിനു മുഴുവൻസമയ ഡയറക്ടറെ നിയമിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കഴിഞ്ഞദിവസം സുവോളജിക്കൽ പാർക്ക് സന്ദർശിച്ച വേളയിലാണ് ഫ്രണ്ട്സ് ഓഫ് സൂ ഭാരവാഹികൾക്കു മന്ത്രി ഉറപ്പുനൽകിയത്.
ഇക്കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നും ഉടൻ ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു. അനിമൽ കീപ്പർമാരുടെ എണ്ണം വർധിപ്പിക്കുക, ക്യുറേറ്റർ തസ്തികയിൽ നിയമനംനടത്തുക തുടങ്ങിയ കാര്യങ്ങളിലും നടപടിയുണ്ടാകും.
തൃശൂർ മൃഗശാലയിൽനിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു ജോലിമാറ്റം വാങ്ങാൻ താത്പര്യമുള്ളവരുടെ എണ്ണം കണക്കാക്കി ബാക്കി ആവശ്യമായിവരുന്ന അനിമൽ കീപ്പർമാരെ തെരഞ്ഞെടുത്ത് പരിശീലനംനൽകുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജനും വ്യക്തമാക്കിയെന്നു ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻ അറിയിച്ചു.