ബംഗാരം ദ്വീപില്‍ ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
Monday, December 9, 2024 4:37 AM IST
കൊച്ചി: ലക്ഷദ്വീപിലെ ബംഗാരം ദ്വീപില്‍ വിനോദയാത്രയ്ക്കെത്തിയ രണ്ടു വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. അഗത്തി ദ്വീപ് മുള്ളിപ്പുര ശരീഫ്ഖാന്റെ മകന് ഒന്നാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫവാദ് ഖാന് (ആറ്), മുള്ളിപ്പുര റഹ്മത്തുള്ളയുടെ മകന് രണ്ടാംക്ലാസ് വിദ്യാര്‍ഥി അഹമ്മദ് സഹാന് സെയ്ദ് (ഏഴ്) എന്നിവരാണു മരിച്ചത്. അഗത്തി സീനിയര്‍ ബേസിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. രക്ഷിതാക്കളോടൊപ്പം ബംഗാരം ദ്വീപ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുട്ടികള്‍. മണല്‍ത്തിട്ടയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടികള്‍ കടല്‍ത്തീരത്തേക്ക് നടക്കുന്നതിനിടെ ആഴത്തിലേക്ക് പോകുകയായിരുന്നുവെന്ന് ബംഗാരം പോലീസ് അറിയിച്ചു.
മറ്റു ദ്വീപുകളെ അപേക്ഷിച്ച് ബംഗാരം ദ്വീപിലെ കടലിന്റെ തീരത്ത് ആഴം കൂടുതലാണ്. ഉടന്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടികളുടെ അമ്മമാര്‍ ഇതേ സ്കൂളിലെ അധ്യാപകരാണ്.