മത വാട്സ്ആപ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണനെ സംരക്ഷിക്കാന് സർക്കാർ
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ മുൻ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ സംരക്ഷിക്കാൻ സർക്കാർ ശ്രമം.
മത വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചതിനും പോലീസിനോടു വ്യാജ മൊഴികൾ നൽകിയതിനും സസ്പെൻഡ് ചെയ്തതിനു പിന്നാലെ സർക്കാർ നൽകിയ കുറ്റപത്രത്തിൽ ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന നടപടികളാണു സ്വീകരിച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ വിഭാഗീയത വളർത്താൻ ശ്രമിച്ചുവെന്ന് കുറ്റം മാത്രമാണ് ഗോപാലകൃഷ്ണനെതിരേ ചീഫ് സെക്രട്ടറി തയാറാക്കി കൈമാറിയ കുറ്റപത്രത്തിലുള്ളത്.
മതാടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയതിലും മൊബൈൽ ഫോണ് ഹാക്ക് ചെയ്തതായി പോലീസിന് വ്യാജ പരാതിയും മൊഴിയും നൽകിയതിലൊന്നും ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയിട്ടില്ല.
ഗോപാലകൃഷ്ണനെതിരേ ഉയർന്ന ആരോപണങ്ങൾ നിസാരമാണെന്നു വരുത്തി അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഐഎഎസ് ലോബിയുടെ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം.
ഗോപാലകൃഷ്ണൻ അഡ്മിനായി ’മല്ലു ഹിന്ദു ഓഫീസേഴ്സ് ’ എന്ന പേരിൽ ഗ്രൂപ്പ് രൂപീകരിച്ചതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും വിവാദമായിരുന്നു. ഇതു വിവാദമായതിനു പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഗോപാലകൃഷ്ണൻ രൂപീകരിച്ചു.
മത ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിനെതിരേ ഒരു ഉദ്യോഗസ്ഥ സർക്കാരിന് പരാതി നൽകി. പിന്നാലെ തന്റെ ഫോണ് ഹാക്ക് ചെയ്തുവെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ ഫോണ് ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയും വ്യാജ പരാതി നൽകിയ ഗോപാലകൃഷ്ണനെ സർവീസിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്നാണ് കുറ്റപത്രം നൽകിയത്.
ഇതിൽ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.