ശന്പള പരിഷ്കരണ കമ്മീഷൻ ബജറ്റ് പ്രഖ്യാപനത്തിലുണ്ടായേക്കും
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: സർക്കാരുമായി പിണങ്ങി നിൽക്കുന്ന ജീവനക്കാരെ അനുനയിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും സംസ്ഥാന ബജറ്റിലുണ്ടാകുമെന്നു സൂചന. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ ജനുവരി 24ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലുണ്ടാകുമെന്നാണു വിവരം.
ഇതോടൊപ്പം ജീവനക്കാർക്ക് അടുത്ത വർഷമുള്ള രണ്ടു ഗഡു ക്ഷാമബത്തയും പ്രഖ്യാപിച്ചേക്കും. നിലവിൽ ജീവനക്കാർക്ക് ആറു ഗഡുവാണ് ഡിഎ കുടിശികയുള്ളത്. അതായത് 19 ശതമാനം ഡിഎയാണ് ജീവനക്കാർക്കു ലഭിക്കാനുള്ളത്. രണ്ടു ശതമാനം ഈ വർഷം അനുവദിച്ചിരുന്നു.
2024 ജൂലൈയിലാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം നടപ്പാക്കേണ്ടത്. എന്നാൽ, ശന്പള പരിഷ്കരണം നടപ്പാക്കാൻ 12-ാം ശന്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഇതുവരെ നിയോഗിച്ചിട്ടു പോലുമില്ല. കമ്മീഷനെ നിയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു വർഷം കഴിഞ്ഞു മാത്രമേ റിപ്പോർട്ട് ലഭിക്കാൻ സാധ്യതയുള്ളൂ.
ഇതിനാൽ ഇപ്പോൾ ശന്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചാൽ മന്ത്രിസഭയുടെ അവസാന കാലത്തു മാത്രം റിപ്പോർട്ട് നടപ്പാക്കിയാൽ മതിയാകും. ശന്പള- പെൻഷൻ പരിഷ്കരണത്തിന്റെ സാന്പത്തിക ബാധ്യത അടുത്ത സർക്കാരാകും വഹിക്കേണ്ടി വരിക.
ജനുവരി മൂന്നാംവാരത്തോടെ ഗവർണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനം തുടങ്ങുക. ഇതോടൊപ്പം ക്ഷേമപെൻഷനിൽ നേരിയ വർധനയെങ്കിലും വരുത്തുകയെന്നതും സർക്കാരിനു മുന്നിലുണ്ട്.