നവീൻ ബാബുവിന്റെ മരണം: പോലീസ് സത്യവാങ്മൂലം തള്ളി കുടുംബം
Sunday, December 8, 2024 1:58 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കുടുംബം തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ എതിർത്തു കൊണ്ടായിരുന്നു പോലീസിന്റെ സത്യാവാങ്മൂലം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ എതിർത്താണ് പോലീസിന്റെ സത്യവാങ്മൂലം കോടതിയിൽ നൽകിയിരിക്കുന്നത്. ഇൻക്വസ്റ്റിന് ബന്ധുക്കളുടെ അനുമതി ആവശ്യമില്ലെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു അനുമതി നൽകിയിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്. എന്നാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനുശേഷമാണ് കുടുംബത്തെ അറിയിച്ചതെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി. നായർ പറഞ്ഞു.
കൊലപാതകമാണോയെന്ന് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ നവീൻ ബാബു ആത്മഹത്യ ചെയ്തതാണെന്നും ഇതിനു കാരണമുണ്ടെന്നുമുള്ള റിപ്പോർട്ടാണ് പോലീസിന്റേത്. മൃതദേഹ പരിശോധന ഫോറൻസിക് ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ടെന്നും കൊലപാതകത്തിലേക്കു നയിക്കുന്നതായ തെളിവുകൾ ഇല്ലെന്നും പറയുന്നു.
പോലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങൾക്കും മറുപടിയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. ഗൂഢാലോചനയെപ്പറ്റി അന്വേഷണം നടത്തിയിട്ടില്ല. അതിൽ ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹർജി 12ന് ഹൈക്കോടതി വീണ്ടും പരിഗണിയ്ക്കും.