ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളിൽ തിളങ്ങി കേരളം
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: 2024ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്കാരങ്ങളാണ് കേരളം ഇക്കുറി നേടിയത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്കാരം സ്വന്തമാക്കി.
ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്. പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ പുരസ്കാരമാണ് കില നേടിയത്.
ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത്. പുരസ്കാരങ്ങൾ 11ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്യും.