സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പരിരക്ഷ കന്നുകാലികള്‍ക്കും
Sunday, December 8, 2024 1:58 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പുമായി ചേര്‍ന്നു കന്നുകാലികള്‍ക്കു ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. ഗോസമൃദ്ധി എന്‍എല്‍എ (നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്) എന്ന പേരിലാണു പുതിയ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ ഇതിലൂടെ സംസ്ഥാനത്തെ അരലക്ഷത്തിൽപ്പരം കന്നുകാലികള്‍ക്കു പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പിന്നീട് പദ്ധതി വര്‍ധിപ്പിക്കും. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത്. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് (കെഎസ്ഐഡി) നടപ്പാക്കുന്ന പദ്ധതിയില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഇന്‍ഷ്വറന്‍സ് നല്‍കുന്നത്.
പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 50 ശതമാനവും, പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷ്വറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷ്വര്‍ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
65,000 രൂപ മതിപ്പ് വിലയുള്ള കാലിക്ക് ഒരുവര്‍ഷ പ്രീമിയം 2,912 രൂപയായിരിക്കും. ഇതില്‍ പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബം 1,456 രൂപയാകും അടയ്ക്കേണ്ടത്. തതുല്യവിഹിതം സര്‍ക്കാര്‍ വഹിക്കും. പട്ടികജാതി കുടുംബത്തിന് 874 രൂപ പ്രീമിയം നല്കിയാല് മതിയാകും. 2038 രൂപ സര്‍ക്കാര്‍ വഹിക്കും. മൂന്നു വര്‍ഷ പ്രീമിയത്തിനും ഇതേ നിരക്കില്‍ സബ്സിഡി സര്‍ക്കാര്‍ ഉറപ്പാക്കുന്നു.
കന്നുകാലികള്‍ക്കു പുറമേ ഉടമകള്‍ക്കും പഴ്സണല്‍ ആക്സിഡന്റ്് ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ അനുമതി പ്രകാരം ഒരു കര്‍ഷകനു പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഇന്‍ഷ്വറന്‍സ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണു കര്ഷകന് നല്‍കേണ്ടത്.