മാടായി കോളജിലെ നിയമന വിവാദം: എം.കെ. രാഘവനെ തടഞ്ഞു
Sunday, December 8, 2024 1:58 AM IST
പഴയങ്ങാടി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂർ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ മാടായി കോളജിൽ സിപിഎം നേതാവിനെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ കോളജിലെത്തിയ സൊസൈറ്റി ചെയർമാൻ എം.കെ. രാഘവൻ എംപിയെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തോളമെത്തി. പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.
ഇന്നലെ കോളജിൽ ഇന്റർവ്യു നടക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ എംപിയെ ഒരു വിഭാഗം കോൺഗ്രസുകാർ തടഞ്ഞത്.
മുൻ എസ്എഫ്ഐ നേതാവും സിപിഎം നിയന്ത്രണത്തിലുള്ള കുഞ്ഞിമംഗലം സർവീസ് സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനുമായ എം.കെ. ധനേഷിന് കോളജിൽ ജോലി നൽകാൻ നീക്കം നടക്കുന്നതായാണ് പ്രവർത്തകരുടെ ആരോപണം.