കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിക്ക് കളിയച്ഛൻ പുരസ്കാരം
Sunday, December 8, 2024 1:58 AM IST
തൃശൂർ: മഹാകവി പി. കുഞ്ഞിരാമൻനായരുടെ സ്മരണയ്ക്കായി ചെറുതുരുത്തി കഥകളി സ്കൂൾ ഏർപ്പെടുത്തിയ കഥകളിരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കളിയച്ഛൻ പുരസ്കാരം കഥകളിനടൻ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിക്കും നവജീവൻ പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനായ എം.പി. സുരേന്ദ്രനും സമർപ്പിക്കുമെന്നു കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
15,000 രൂപയും കഥകളിരൂപശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്കാരം 27നു രാവിലെ 10.30നു കേരള കലാമണ്ഡലം നിള കാന്പസിൽ നടക്കുന്ന ദേശീയ കഥകളിമഹോത്സവത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമ്മാനിക്കും. പരിപാടിയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിക്കും.
കഥകളിനടൻ കലാമണ്ഡലം കേശവൻ നമ്പൂതിരി, ചുട്ടി കലാകാരി കലാമണ്ഡലം ബാർബറ വിജയകുമാർ എന്നിവരെ ഗുരുപൂജ അവാർഡ് നൽകി ആദരിക്കും. പദ്മശ്രീ ഡോ. കലാമണ്ഡലം ഗോപി വിശിഷ്ടാതിഥിയായിരിക്കും. 28നു സമാപനസമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. യു.ആർ. പ്രദീപ് എംഎൽഎ, കലാമണ്ഡലം ക്ഷേമാവതി എന്നിവർ പങ്കെടുക്കും.