പ്രവാസി ക്ഷേമനിധി അംഗത്വ കാന്പയിന് 30ന് തുടക്കമാകും
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി സംസ്ഥാനസർക്കാർ സ്ഥാപനമായ കേരള പ്രവാസി കേരളീയ ക്ഷേമബോർഡിന്റെ അംഗത്വ കാന്പയിന് ഈ മാസം 30ന് തിരുവനന്തപുരത്തു തുടക്കമാകും. തന്പാനൂർ റെയിൽ കല്യാണമണ്ഡപത്തിലാണു പരിപാടി നടക്കുന്നത്.
ഇതിനു ശേഷം മറ്റു ജില്ലകളിലും അംഗത്വ കാന്പയിൻ സംഘടിപ്പിക്കാനാണ് തീരുമാനം. പുതുതായി അംഗത്വം എടുക്കാനും അംഗങ്ങൾക്ക് അംശദായ കുടിശിക അടയ്ക്കാനും അംഗത്വം റദ്ദായവർക്കു പിഴയും കുടിശികയും അടച്ച് അംഗത്വം പുതുക്കുവാനും കഴിയും.
നിലവിൽ ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിച്ചും സേവനങ്ങൾ ലഭ്യമാകും. പുതിയ അംഗത്വത്തിന് അപേക്ഷ നൽകുന്നവർ വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്തതിന്റെ രസീതിന്റെ പകർപ്പുമായി എത്തിയാൽ വേദിയിൽ തന്നെ പരിശോധിച്ച് അനുമതി നൽകാനാകും.
നേരിട്ട് ഹാജരാകുന്നവർ അംഗത്വകാർഡും മറ്റ് അവശ്യരേഖകളും കരുതണമെന്ന് ബോർഡ് സിഇഒ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.