വൈദ്യുതി നിരക്ക് ഈ മാസവും ജനുവരി മുതലും വർധന
Saturday, December 7, 2024 2:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതി നിരക്കിൽ ഡിസംബറിൽ യൂണിറ്റിന് ശരാശരി 16 പൈസയും അടുത്ത ജനുവരി മുതൽ ഒരു വർഷത്തേക്ക് ഇതിനു പുറമേ യൂണിറ്റിന് 12 പൈസയും വർധിപ്പിച്ചു. ഫലത്തിൽ ജനുവരി മുതൽ യൂണിറ്റ് ഒന്നിന് ശരാശരി 28 പൈസയുടെ വർധന ഉണ്ടാകും. ഈ മാസം അഞ്ചിന് പുതിയ നിരക്കുകൾ പ്രാബല്യത്തിലായി.
കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് ഡിസംബറിലും ജനുവരിയിലും അഞ്ചു പൈസ വീതം വർധിക്കും. വേനൽക്കാലത്ത് യൂണിറ്റിന് അധികമായി 10 പൈസ ഈടാക്കണമെന്ന് കെഎസ്ഇബിയുടെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചില്ല.
2026-27 വർഷത്തേക്ക് നിരക്കു വർധന അംഗീകരിച്ചില്ല. സ്വയം മീറ്റർ റീഡിംഗ് എടുത്ത് ആവശ്യപ്പെടുന്നവർക്ക് പ്രതിമാസ ബില്ലുകൾ നൽകണമെന്നും റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു.
സോളാർ ലഭ്യത കണക്കിലെടുത്ത് പ്രതിമാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് പകൽ സമയത്തെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവു വരുത്തി. അഞ്ചു ലക്ഷത്തോളം ഉപയോക്താക്കൾ ഈ വിഭാഗത്തിലുണ്ട്.
കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യം അംഗീകരിച്ചില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളുടെ ഡിമാൻഡ് ചാർജ് ഒഴിവാക്കി. വൈദ്യുതി നിരക്ക് യൂണിറ്റിന് 5.50 രൂപ എന്നത് 7.15 രൂപയാക്കി.
ചെറുകിട വ്യവസായങ്ങൾക്ക് രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി നിരക്കിൽ 10 ശതമാനം കുറവു വരുത്തും. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം ചെറുകിട വ്യവസായങ്ങളാണുള്ളത്. 10 കിലോവാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങൾക്ക് ഫിക്സഡ് ചാർജിൽ വർധനയില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് ഡിസംബറിൽ അഞ്ചു പൈസയും ജനുവരിയിൽ വീണ്ടും അഞ്ചു പൈസയും വർധിക്കും.
പകൽ സമയത്തെ 10 ശതമാനം ഇളവു പരിഗണക്കുന്പോൾ വ്യവസായങ്ങൾക്കു ബില്ലിൽ കുറവു ലഭിക്കുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 10 കിലോവാട്ടിനു മുകളിൽ വൈദ്യുതി നിരക്കിലും ഫിക്സഡ് ചാർജിലും വർധനയുണ്ട്. വാണിജ്യ സ്ഥാപനങ്ങൾക്ക് നിരക്കിൽ വർധനയില്ല. മീറ്റർ വാടകയിലും വർധന വരുത്തിയിട്ടില്ല. പ്രൈവറ്റ് ഹോസ്റ്റലുകളുടെ നിരക്കിൽ ശരാശരി 30 ശതമാനം വരെ ഇളവു നൽകി.
സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേരളത്തിലെ സർവകലാശാലകൾ നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്കുകൾ സർക്കാർ സ്ഥാപനങ്ങളുടെ നിരക്കിലേക്കു മാറ്റി.
നിലവിൽ ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്ന ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കണ്വൻഷൻ സെന്ററുകൾ തുടങ്ങിയവയ്ക്ക് ആവശ്യമുള്ളപ്പോൾ താത്കാലിക കണക്ഷൻ വഴി വൈദ്യുതി നൽകും. ഇതുവഴി ഇവർക്ക് ഫിക്സഡ് ചാർജ് നൽകേണ്ടി വരില്ല.
എനര്‍ജി ചാര്‍ജില്‍ രണ്ടു മാസത്തേക്ക് 400 രൂപ വരെ വര്‍ധന
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ജനുവരി മുതല്‍ എനര്‍ജി ചാര്‍ജില്‍ മാത്രം പ്രതിഫലിക്കാന്‍ പോകുന്നത് 30 രൂപ മുതല്‍ 110 രൂപ വരെയുള്ള വര്‍ധന. ഇതിനു പുറമെയാണ് ഫിക്സഡ് ചാര്‍ജിലെ വര്‍ധന. ഇതു കൂടാതെ ഫ്യൂവല്‍ സര്‍ചാര്‍ജ്, ഇലക്ട്രിസിറ്റി ഡ്യൂട്ടി, മീറ്റര്‍ വാടക തുടങ്ങിയ ചാര്‍ജുകള്‍ കൂടി ചേരുമ്പോള്‍ വൈദ്യുതി ബില്‍ സാധാരണക്കാരന് ഷോക്ക് ട്രീറ്റ്മെന്റാകുമെന്നുറപ്പ്.
ഉദാഹരണത്തിന് രണ്ടുമാസം 400 യൂണിറ്റ് ഉപയോഗിക്കുന്ന ആള് നിലവില്‍ 1935 രൂപ എനര്‍ജി ചാര്‍ജ് ഇനത്തില്‍ മാത്രം നല്‍കണം. ഇതിനു പുറമെ മറ്റ് നിരക്കുകള്‍ കൂടി വരുമ്പോള്‍ ആകെ ബില്‍ തുക ഏകദേശം 2240 രൂപയാകും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഇതേ ഉപയോക്താവിന്റെ ബില്‍ തുക ഏകദേശം 2500 രൂപയോളമാകും.
പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ജനുവരി മുതല്‍ ഒരു വൈദ്യുതി ബില്ലില്‍ എനര്‍ജി ചാര്‍ജില്‍ മാത്രം 30 രൂപയുടെ വര്‍ധനയുണ്ടാകും. 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 55 രൂപയുടെയും 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 80 രൂപയുടെയും 250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 110 രൂപയുടെയും വര്‍ധനവ് എനര്‍ജി ചാര്‍ജ് ഇനത്തില്‍ മാത്രമുണ്ടാകും. പ്രതിമാസ ഉപയോഗം 501 യൂണിറ്റ് ആയാല്‍ എനര്‍ജി ചാര്‍ജില്‍ മാത്രം ഒരു ബില്ലില്‍ 400 രൂപയുടെയും വര്‍ധനയുണ്ടാകും.