വയനാട്, വിലങ്ങാട് ദുരന്തം; 100 വീടുകളുടെ നിര്‍മാണം ഈ മാസം തുടങ്ങും: കെസിബിസി
Saturday, December 7, 2024 2:23 AM IST
കൊച്ചി: പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരള കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ മാസം തുടങ്ങുമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി(കെസിബിസി). നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാബാവ നിര്‍വഹിക്കും.
പ്രകൃതിദുരന്തം നടന്നിട്ട് നാലു മാസം പിന്നിട്ടിട്ടും സര്‍ക്കാർ വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിർമാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍ക്കാഴ്ചയായി വയനാടും വിലങ്ങാടും മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസങ്ങള്‍ ഇല്ലാതാക്കാന്‍ സര്ക്കാര്സംവിധാനങ്ങള് സത്വരമായി പ്രവര്‍ത്തിക്കണം.
ഭവനങ്ങള്‍ നിര്‍മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്കാന് സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിർമാണപ്രവര്ത്തനങ്ങള്ക്കു തടസമാകുന്നത്. ഭവനനിർമാണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദേശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. സഭാ സംവിധാനത്തില്‍ ദുരിതബാധിതര്‍ക്കുള്ള ഭവനനിർമാണത്തിനായി ഇതുവരെ 8,10,25000 രൂപ സമാഹരിച്ചു. ഈ മാസം തന്നെ അനുയോജ്യമായ സ്ഥലത്തു നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്നലെ സമാപിച്ച കെസിബിസി യോഗം തീരുമാനിച്ചു.
മുനമ്പം: റവന്യു അവകാശം നിയമവിധേയമായി പുനഃസ്ഥാപിക്കണം
മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ റവന്യു അവകാശം അടിയന്തരമായി നിയമവിധേയമായി തന്നെ പുനഃസ്ഥാപിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മുനമ്പത്തും സമാനമാംവിധം മറ്റിടങ്ങളിലും വഖഫ് നിയമം മൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ ശാശ്വതമായി പരിഹരിക്കപ്പെടുന്നതിനാവശ്യമായ നിയമഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്ന് കെസിബിസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയം വഴി ആവശ്യപ്പെട്ടു.
അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാകില്ല
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കെസിബിസി വ്യക്തമാക്കി. കത്തോലിക്കാസഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന നാലു ശതമാനം ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതാണ്.
മാറ്റിവയ്ക്കപ്പെട്ട ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്ക്കുശേഷമുള്ള നിയമനങ്ങളും ദിവസ വേതനാടിസ്ഥാനത്തില്‍ മാത്രമാകണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് മറ്റുള്ള അധ്യാപകര്‍ക്കു നേരേയുള്ള നീതിനിഷേധമായി കാണുന്നു. ഇതിന് അടിയന്തരമായി സര്‍ക്കാര്‍ പരിഹാരം കാണണം.
മാറ്റിവയ്ക്കപ്പെട്ട തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരെ നിയമം അനുശാസിക്കുന്നവിധം നിയമിക്കാൻ കത്തോലിക്കാ സ്കൂളുകള്‍ എന്നും സന്നദ്ധമാണ്. അതിനാൽ, മാറ്റിവച്ച തസ്തികകളൊഴിച്ചുള്ള തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് അടിയന്തരമായി സ്ഥിരനിയമന അംഗീകാരം നല്‍കണമെന്നും എയ്ഡഡ് സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തങ്ങള്‍ക്കു സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നല്കിയ നിവേദനം വഴി കെസിബിസി ആവശ്യപ്പെട്ടു.
ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകള്ക്കുശേഷമുള്ള തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനം സ്കൂളുകളുടെ നടത്തിപ്പിനു വിഘാതം സൃഷ്ടിക്കുന്നതും കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതും മറ്റുള്ള അധ്യാപകര്‍ക്ക് ഭരണഘടനയും നിയമവും നല്കുന്ന അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് മെത്രാന് സമിതി വിലയിരുത്തി.
ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരി പ്രസവ ആവശ്യവുമായി അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ജീവനക്കാരെ നിയമിച്ചെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള അവസരങ്ങളില്‍ പകരം ജീവനക്കാരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം അടിയന്തരമായി അനുവദിക്കാനും സര്‍ക്കാരിനോട് കെസിബിസി അഭ്യര്‍ഥിച്ചു.
മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനം സമാപിച്ചു.
നിയമനങ്ങള്‍
കെസിബിസി മീഡിയാ കമ്മീഷന് സെക്രട്ടറിയായി ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കൽ (ആലപ്പുഴ രൂപത), യൂത്ത് കമ്മീഷന് സെക്രട്ടറിയായി ഫാ. ഡിറ്റോ കൂള (തൃശൂര്‍ അതിരൂപത), ലേബര്‍ കമ്മീഷന് സെക്രട്ടറിയായി ഫാ. അരുണ്‍ വലിയതാഴത്ത് (കോതമംഗലം രൂപത), വിമന്‍സ് കമ്മീഷന് സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസ് (തിരുവനന്തപുരം മലങ്കര അതിരൂപത), കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി ഫാ. ആന്റണി ലിജോ ഒടതെക്കൽ (വരാപ്പുഴ അതിരൂപത) എന്നിവരെ നിയമിച്ചു.
ഫാ. തോമസ് തറയില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറിയും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റർ (പിഒസി) ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. കെസിബിസി സമ്മേളനത്തിലാണ് പുതിയ നിയമനം.
ഈ ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ്. ജി. പാലയ്ക്കാപ്പിള്ളി എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാളായി നിയമിതനായതിനാലാണു പുതിയ നിയമനം.
ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. കെസിബിസി വക്താവായും അദ്ദേഹം സേവനം ചെയ്യും. 21ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും.