ദീപികയ്ക്കെതിരേ കുപ്രചരണം കർശന നടപടി വേണമെന്ന് മാനേജ്മെന്റ്
Saturday, December 7, 2024 2:23 AM IST
കോട്ടയം: ദീപികയ്ക്കും രാഷ്ട്രദീപിക കമ്പനിക്കുമെതിരേ കുപ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്ന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
യുട്യൂബ് ചാനലിലൂടെ അസത്യങ്ങൾ പ്രചരിപ്പിച്ച് സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പൂർണമായും നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിയാണ് രാഷ്ട്രദീപിക ലിമിറ്റഡ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സ്ഥാപനത്തിന്റെ യശസ് തകർക്കാൻ പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവിധ വിഷയങ്ങളിൽ ദീപിക കൈക്കൊള്ളുന്ന ശക്തമായ നിലപാടുകളിൽ അസ്വസ്ഥരായവരാണ് ഇത്തരം പ്രചാരവേലകൾക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ പ്രതികരിച്ചു.
വർഗീയത, അഴിമതി, തീവ്രവാദം, സ്വജനപക്ഷപാതം തുടങ്ങി പ്രീണന രാഷ്ട്രീയത്തിനും കർഷകദ്രോഹത്തിനും എതിരേ തുറന്നെഴുതുന്ന ദീപികയുടെ നിലപാട് പലരെയും അസ്വസ്ഥരാക്കുന്നുണ്ടാകാം.
ദീപിക ഉയർത്തുന്ന വിഷയങ്ങൾ പൊതുജനങ്ങൾ ഏറ്റെടുക്കുന്നതും ചർച്ചചെയ്യപ്പെടുന്നതും പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നുമുണ്ടാകില്ല. എന്നാൽ മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിന്റെ 137 വർഷത്തെ പാരമ്പര്യമുള്ള ദീപികയെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾകൊണ്ടു തകർക്കാനാകി ല്ലെന്നും ചീഫ് എഡിറ്റർ വ്യക്തമാക്കി.