നടുറോഡിൽ സിപിഎം സ്റ്റേജ് പോലീസിന്റെ മൗനാനുവാദം?
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: നടുറോഡിൽ പന്തൽകെട്ടി സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ സ്റ്റേജ് കെട്ടാൻ പോലീസിന്റെ മൗനാനുവാദമുണ്ടായിരുന്നതായി ആക്ഷേപം.
വഴിയരികിൽ ഇരുചക്രവാഹനം പാർക്ക് ചെയ്താൽ പെറ്റിയടിക്കാനായി ഓടിനടക്കുന്ന പോലീസ് വഞ്ചിയൂർ പോലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ ഗതാഗതം തടഞ്ഞ് സിപിഎം കെട്ടിയ സ്റ്റേജ് വിവാദം ആകുന്നതു വരെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പോലീസ് അനുമതിയോടെയാണ് സ്റ്റേജ് കെട്ടിയതെന്ന സിപിഎം നേതാവിന്റെ പ്രതികരണം പോലീസിനെ ശരിക്കും പ്രതിരോധത്തിലാക്കി. ഇതേ തുടർന്നാണ് ഒടുവിൽ സ്റ്റേജ് കെട്ടാൻ അനുമതി നല്കിയിരുന്നില്ലെന്നു കമ്മീഷണർക്ക് തന്നെ പ്രതികരിക്കേണ്ടി വന്നത്.
വഞ്ചിയൂരിൽ റോഡിന്റെ ഒരു വശം പൂർണമായും സ്റ്റേജ് നിർമിച്ചതോടെ ഒറ്റവരിയായി വാഹനങ്ങൾക്ക് കടന്നു പോകേണ്ട സ്ഥിതിയുണ്ടായി ഇതോടെ ഇവിടെ ഗതാഗതവും സ്തംഭിച്ചു. കോടതി ഉൾപ്പടെ സ്ഥിതി ചെയ്യുന്നതിനു സമീപത്താണ് ഇത്തരമൊരു സ്റ്റേജ് കെട്ടൽ വ്യാഴാഴ്ച്ച നടന്നത്.
പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനും കണ്ടാലറിയുന്ന 500 ഓളം പേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നാണ് പോലീസ് എഫ്ഐആറിലുള്ളത്.
പോലീസ് നോക്കി നില്ക്കെ പന്തൽ നിർമാണം നടത്തിയപ്പോൾ നടപടി കൈക്കൊള്ളാതിരുന്ന പോലീസ് വിവാദമായപ്പോൾ ഒടുവിൽ കേസെടുക്കുകയായിരുന്നു.