സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറിയാകും
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: ബിജെപിയിൽ നിന്നു കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറിയാക്കും. ഹൈക്കമാൻഡ് തലത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കും.
ഇക്കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ ഡൽഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കു പ്രവർത്തിക്കാനുള്ള മേഖല നിശ്ചയിച്ചു തരണമെന്ന് സന്ദീപ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
സന്ദീപിന് ഉചിതമായ പദവി നൽകാൻ നേരത്തേതന്നെ ധാരണയായിരുന്നു. സംഘടനാ പുനസംഘടന വൈകാതെ നടക്കുന്നതിനാൽ അതിനൊപ്പം പദവി നിശ്ചയിച്ചു നൽകാമെന്നാണു പാർട്ടി നേതൃത്വം കരുതിയിരുന്നത്. എന്നാൽ, പദവി സംബന്ധിച്ച തീരുമാനം നീളുന്നതു ശരിയല്ലെന്ന അഭിപ്രായം പരിഗണിച്ചാണ് സന്ദീപ് വാര്യരുടെ കാര്യം പ്രത്യേകമായി പരിഗണിക്കാൻ തീരുമാനിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ പൂർത്തിയാകാതെ കിടക്കുന്ന പുനസംഘടന ഉടനടി പൂർത്തിയാക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ, ചില കാര്യങ്ങളിൽ ഇനിയും തീരുമാനമുണ്ടാകേണ്ടിയിരിക്കുന്നു.
കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലാണ് പ്രധാനമായും തീരുമാനമുണ്ടാകേണ്ടത്. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റേണ്ട തുണ്ടോ എന്നും തീരുമാനിക്കണം. കെപിസിസിയിൽ വർക്കിംഗ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ പദവികളിൽ പുതിയ ആൾക്കാരെ നിയമിക്കേണ്ടതുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കാത്ത ഭാരവാഹികളെ മാറ്റുന്ന കാര്യത്തിൽ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.