പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ
Saturday, December 7, 2024 1:51 AM IST
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച കേസിൽ ആരോപണ വിധേയമായതിനെത്തുടർന്ന് രാജിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിലാണു ദിവ്യയെ തെരഞ്ഞെടുത്തത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽനിന്നു മയ്യിൽ ഡിവിഷനിലെ എൻ.വി. ശ്രീജിനി രാജിവച്ച ഒഴിവിലേക്കാണ്, ആത്മഹത്യാ പ്രേരണാകുറ്റത്തിനു ജാമ്യം ലഭിച്ച പി.പി. ദിവ്യയെ ഉൾപ്പെടുത്തിയത്.
എൻ.വി. ശ്രീജിനിയെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. 11 നാണു സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. കണ്ണൂർ എഡിഎം പത്മചന്ദ്ര കുറുപ്പാണ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത്.
കെ.കെ. രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനെത്തുടർന്നാണ് രണ്ടു സ്റ്റാൻഡിംഗ് കമ്മിറ്റികൾ പുനഃസംഘടിച്ചത്. നേരത്തെ എഡിഎം നവീൻ ബാബു ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം പി.പി. ദിവ്യയെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ, കല്യാശേരി ഡിവിഷൻ അംഗമായ പി.പി. ദിവ്യ ജില്ലാ പഞ്ചായത്തംഗമായി തുടരുകയായിരുന്നു.